KeralaCinemaMollywoodLatest NewsNewsEntertainment

‘ആദിവാസികളല്ലാത്ത ആളുകളെ കാണുന്നത് തന്നെ പേടിയായിരുന്നു, കാട്ടിൽ പോയി ഒളിക്കുമായിരുന്നു’: അന്ന് നഞ്ചിയമ്മ പറഞ്ഞത്

കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഗായികക്കുള്ള പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്ന സംഗീതജ്ഞന്‍ ലിനുലാലിനെ വിമർശിച്ച് സന്ദീപ് ദാസ്. ഒരു മനുഷ്യായുസ്സ് മുഴുവൻ കഷ്ടപ്പെട്ട ഒരു സ്ത്രീയാണ് നഞ്ചിയമ്മയെന്നും, പ്രിവിലേജ്ഡ് ആയ കോടിക്കണക്കിന് മനുഷ്യർക്കിടയിലൂടെ താരപദവിയിലേയ്ക്ക് നടന്നുകയറിയ വനിതയാണെന്നും സന്ദീപ് തന്റെ ഡെസ്‌ബുക്കിൽ കുറിക്കുന്നു. നിന്ദിതരും പീഡിതരുമായ മനുഷ്യരുടെ പ്രതിനിധിയായ നഞ്ചിയമ്മയുടെ പുരസ്കാരത്തെ റദ്ദ് ചെയ്യാൻ ചെറുപ്പം മുതൽ സംഗീതം പഠിച്ചവരുടെ വേദനകൾ മതിയാവില്ലെന്ന് അദ്ദേഹം പറയുന്നു.

നഞ്ചിയമ്മ മുൻപൊരിക്കൽ പറഞ്ഞ വാക്കുകളും സന്ദീപ് ഫേസ്‌ബുക്കിൽ പങ്കുവെക്കുന്നുണ്ട്. ‘ഞാൻ കുട്ടിയായിരിക്കുമ്പോൾ ആദിവാസികളല്ലാത്ത ആളുകളെ കാണുന്നത് തന്നെ പേടിയായിരുന്നു. അത്തരം ആളുകളെ കാണുമ്പോൾ കാട്ടിൽ പോയി ഒളിക്കുമായിരുന്നു. ഞാൻ മാത്രമല്ല,എല്ലാ കുട്ടികളും ആ പേടിയിലാണ് ജീവിച്ചത്’, വി.എച്ച് ദിരാർ എഴുതിയ ‘നഞ്ചമ്മ എന്ന പാട്ടമ്മ’ എന്ന പുസ്തകത്തിൽ നഞ്ചിയമ്മയുടെ കുട്ടിക്കാലത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളാണിത്.

സന്ദീപ് ദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

നഞ്ചിയമ്മ എന്ന ആദിവാസി സ്ത്രീയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചത് പലർക്കും ദഹിച്ചിട്ടില്ല. ശുദ്ധ സംഗീതത്തിൻ്റെ ഉപാസകർ നഞ്ചിയമ്മയോട് അനിഷ്ടവും അസഹിഷ്ണുതയും പ്രകടിപ്പിക്കുന്നുണ്ട്. ഒരു സംഗീതജ്ഞൻ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്-
”സംഗീതത്തിനുവേണ്ടി ജീവിച്ചവർക്ക് ഈ പുരസ്കാരം അപമാനമായി തോന്നും. പിച്ച് ഇട്ടുകൊടുത്താൽ അതിന് അനുസരിച്ച് പാടാനൊന്നും നഞ്ചിയമ്മയ്ക്ക് കഴിയില്ല. അങ്ങനെയുള്ള ഒരാൾക്കാണോ അവാർഡ് കൊടുക്കേണ്ടത്…? ” ഈ യുക്തി മിതമായ ഭാഷയിൽ പറഞ്ഞാൽ പരിഹാസ്യമാണ്. അത് വ്യക്തമാക്കുന്ന ചില ഉദാഹരണങ്ങൾ ഞാൻ പറയാം.

മഹേന്ദ്രസിംഗ് ധോനി എന്ന ക്രിക്കറ്ററെ നോക്കൂ. ഒരു കോപ്പിബുക്ക് ഷോട്ട് പോലും നേരേചൊവ്വേ കളിക്കാനറിയാത്ത ബാറ്ററാണ് ധോനി. റാഞ്ചിയിലെ അപരിഷ്കൃതമായ സാഹചര്യങ്ങളിൽ കളി പഠിച്ച ധോനിയ്ക്ക് അപ്രകാരം ബാറ്റ് ചെയ്യാനേ സാധിക്കുമായിരുന്നുള്ളൂ.
എന്നിട്ടെന്തായി? ധോനി ഇതിഹാസമായി മാറി. നായകൻ എന്ന നിലയിൽ എല്ലാ പ്രധാനപ്പെട്ട ട്രോഫികളും ജയിച്ചു. ഖേൽരത്ന നൽകി രാഷ്ട്രം ധോനിയെ ആദരിച്ചു.

മോഹൻലാൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിച്ചിട്ടില്ല. യാതൊരുവിധ മുന്നൊരുക്കങ്ങളുമില്ലാതെയാണ് അദ്ദേഹം പെർഫോം ചെയ്യാറുള്ളത്. സ്വതസിദ്ധമായ പ്രതിഭയെ ക്യാമറയ്ക്കുമുമ്പിൽ അഴിച്ചുവിടുന്ന അഭിനേതാവാണ് ലാൽ.

വൈക്കം മുഹമ്മദ് ബഷീർ നിഘണ്ടുവിലില്ലാത്ത പദങ്ങൾ ഉപയോഗിച്ച സാഹിത്യകാരനായിരുന്നു. ജ്ഞാനപീഠം വരെ നേടിയ തകഴി ശിവശങ്കരപ്പിള്ളയ്ക്ക് മലയാള വ്യാകരണം അറിയില്ലായിരുന്നു.

നാൽപ്പതിനായിരത്തിലധികം പാട്ടുകൾ പാടി ഇന്ത്യയുടെ അഭിമാനമായി മാറിയ എസ്.പി ബാലസുബ്രഹ്മണ്യം സംഗീതം ഔപചാരികമായി അഭ്യസിച്ചിട്ടില്ല. നമ്മുടെ സ്വന്തം ഭാവഗായകൻ ജയചന്ദ്രനും ഈ ശ്രേണിയിൽ വരുമെന്ന് തോന്നുന്നു. തനിക്ക് സംഗീതത്തെക്കുറിച്ച് വലിയ അറിവൊന്നുമില്ലെന്നും,പാട്ടിനോടുള്ള ഇഷ്ടംകൊണ്ട് മാത്രം ഗായകനായിത്തീർന്നതാണെന്നും അദ്ദേഹം അഭിമുഖങ്ങളിൽ പറഞ്ഞുകേട്ടിട്ടുണ്ട്.

കല,സാഹിത്യം,സ്പോർട്സ് മുതലായ കാര്യങ്ങൾക്ക് കൃത്യമായ ചട്ടക്കൂടുകളൊന്നുമില്ല. മനുഷ്യരെ ആനന്ദിപ്പിക്കുക എന്നതാണ് അവയുടെ ആത്യന്തികമായ ലക്ഷ്യം. നഞ്ചിയമ്മയുടെ പാട്ട് ആളുകളെ സന്തോഷിപ്പിച്ചിട്ടുണ്ട്. അതാണ് ഏറ്റവും പ്രധാനം.നഞ്ചിയമ്മ ആദരിക്കപ്പെട്ടപ്പോൾ സംഗീതലോകത്ത് ഭീകരമായ നിശബ്ദത പരന്നിരുന്നു. സിത്താരയേയും സുജാതയേയും പോലുള്ള ചുരുക്കം ചില പാട്ടുകാർ മാത്രമാണ് നഞ്ചിയമ്മയെ അഭിനന്ദിക്കാൻ തയ്യാറായത്. മധുരം പൊഴിക്കുന്ന നാവുകളെല്ലാം ഒരുമിച്ച് മൗനത്തിലാണ്ടത് അത്ര നിഷ്കളങ്കമല്ല. അതിൻ്റെ പേര് സവർണ്ണബോധം എന്നാണ്. നഞ്ചിയമ്മയുടെ അവാർഡിനെ അപമാനം എന്ന് വിശേഷിപ്പിച്ച സംഗീതജ്ഞൻ ഒരു കാര്യം കൂട്ടിച്ചേർക്കുന്നുണ്ട്-
”ചെറുപ്പം മുതൽ സംഗീതം പഠിക്കുന്ന ഒത്തിരിപ്പേരുണ്ട്. അവർ തണുത്തതും എരിവുള്ളതുമായ ആഹാരസാധനങ്ങൾ കഴിക്കില്ല. തണുപ്പുള്ള സ്ഥലത്ത് പോവുക പോലുമില്ല. അവരെ ഈ അവാർഡ് വിഷമിപ്പിക്കില്ലേ…? ”

ആ സംഗീതജ്ഞന് നഞ്ചിയമ്മയുടെ ബാല്യത്തെക്കുറിച്ച് അറിയാമോ?

വി.എച്ച് ദിരാർ എഴുതിയ ‘നഞ്ചമ്മ എന്ന പാട്ടമ്മ’ എന്ന പുസ്തകത്തിൽ നഞ്ചിയമ്മയുടെ കുട്ടിക്കാലത്തെക്കുറിച്ചുള്ള വിവരണമുണ്ട്-

”ഞാൻ കുട്ടിയായിരിക്കുമ്പോൾ ആദിവാസികളല്ലാത്ത ആളുകളെ കാണുന്നത് തന്നെ പേടിയായിരുന്നു. അത്തരം ആളുകളെ കാണുമ്പോൾ കാട്ടിൽ പോയി ഒളിക്കുമായിരുന്നു. ഞാൻ മാത്രമല്ല,എല്ലാ കുട്ടികളും ആ പേടിയിലാണ് ജീവിച്ചത്…!”

ദേശീയ പുരസ്കാരം ലഭിച്ചതിനുശേഷം നഞ്ചിയമ്മ പറഞ്ഞ വാക്കുകൾ മഹാനായ സംഗീതജ്ഞൻ ശ്രദ്ധിച്ചുവോ ആവോ?

”ആടുമേച്ച് നടന്ന എന്നെ ലോകത്തിന് കാട്ടിക്കൊടുത്തത് സച്ചി സാറാണ്” എന്നാണ് നഞ്ചിയമ്മ പ്രതികരിച്ചത്.

ഒരു മനുഷ്യായുസ്സ് മുഴുവൻ കഷ്ടപ്പെട്ട ഒരു സ്ത്രീ. തീയിൽ കുരുത്ത ജന്മം. പ്രിവിലേജ്ഡ് ആയ കോടിക്കണക്കിന് മനുഷ്യർക്കിടയിലൂടെ താരപദവിയിലേയ്ക്ക് നടന്നുകയറിയ വനിത. നിന്ദിതരും പീഡിതരുമായ മനുഷ്യരുടെ പ്രതിനിധി. അങ്ങനെയുള്ള നഞ്ചിയമ്മയുടെ പുരസ്കാരത്തെ റദ്ദ് ചെയ്യാൻ ചെറുപ്പം മുതൽ സംഗീതം പഠിച്ചവരുടെ വേദനകൾ മതിയാവില്ല സര്‍. ഈ അവാർഡ് ഞങ്ങൾ കൊണ്ടാടും. അനേകം മനുഷ്യരെ നഞ്ചിയമ്മ പ്രചോദിപ്പിക്കും. അവർക്കുനേരെ നിങ്ങൾ എറിയുന്ന കല്ലുകളെല്ലാം നാഴികക്കല്ലുകളായി മാറും.

ഇപ്പോൾ എനിക്ക് മൂളാൻ തോന്നുന്നത് ശുദ്ധസംഗീതമല്ല. നഞ്ചിയമ്മയുടെ ആ പാട്ടാണ്. എല്ലാ മനുഷ്യസ്നേഹികൾക്കും ഒന്നിച്ച് പാടാം…
”കലക്കാത്ത ചന്ദനമരം…!”

shortlink

Related Articles

Post Your Comments

Related Articles


Back to top button