കോഴിക്കോട്: സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ രംഗത്ത്. സിവിക് ചന്ദ്രനെതിരെയുള്ള ലൈംഗിക പീഡന പരാതിയിൽ അന്വേഷണം വേഗത്തിലാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. സംയുക്ത പ്രസ്താവനയിലാണ് സാംസ്കാരിക പ്രവർത്തകർ ഇക്കാര്യം ആവശ്യപ്പെട്ടത്. കെകെ കൊച്ച്, ഡോ. സിഎസ് ചന്ദ്രിക, സണ്ണി എം കപിക്കാട്, അശോകൻ ചരുവിൽ, ഡോ. രേഖാരാജ്, ശീതൾ ശ്യാം, അഡ്വ. ഹരീഷ് വാസുദേവൻ, കെ അജിത, സുജ സൂസൻ ജോർജ്, ബിന്ദു അമ്മിണി, ജിയോ ബേബി, എച്മുക്കുട്ടി, ഡോ. ധന്യ മാധവ്, ലാലി പിഎം തുടങ്ങി നൂറോളം പേരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പു വെച്ചത്.
യുവതിയെ പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലിലാണ് സാംസ്‌കാരിക നായകരുടെ നീക്കം. സിവിക് ചന്ദ്രൻ തന്റെ കൈയിൽ കയറി പിടിക്കുകയും ശരീരത്തോട് ചേർത്ത് നിറുത്താൻ ശ്രമിക്കുകയും ചെയ്തുവെന്ന് യുവതി പറയുന്നു. മടിയിൽ പിടിച്ച് കിടത്താൻ ശ്രമിക്കുകയും ശരീരത്തിലൂടെ കൈയോടിക്കാൻ നോക്കുകയും ചെയ്തുവെന്നും യുവതി ആരോപിക്കുന്നു. സിവികിന്റെ മകളെക്കാൾ പ്രായം കുറഞ്ഞ തന്നോട് ഇങ്ങനെയൊക്കെ ചെയ്ത അയാളെ വീണ്ടും പലരും ന്യായീകരിക്കുന്നത് എങ്ങനെയാണെന്നും യുവതി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. വിമെൻ എഗെയിൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫേസ്‌ബുക്ക് പേജിലാണ് യുവതി തനിക്കുണ്ടായ ദുരനുഭവം വിവരിച്ചത്.
സാഹിത്യകാരിയായ യുവതി സിവിക് ചന്ദ്രനെതിരെ നൽകിയ പരാതിയിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. മതിയായ തെളിവുകൾ ലഭിച്ചാൽ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. വടകര ഡിവൈഎസ്പിക്കാണ് കേസിന്റെ അന്വേഷണച്ചുമതല.
Post Your Comments