തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ കേരള പോലീസ് ആഴ്ചകളായിഅന്വേഷണം നടത്തിയിട്ടും എങ്ങുമെത്തിയില്ല. ഇതിനിടെ ആക്രമണം നടത്തിയ വ്യക്തിയെത്തിയത് ചാര കളര്‍ മെറ്റാലിക്ക് ഡിയോ സ്‌കൂട്ടറിലാണെന്നാണ് ഇപ്പോൾ പൊലീസിന്റെ കണ്ടെത്തല്‍. ഈ സ്‌കൂട്ടര്‍ കണ്ടെത്താന്‍ ആയിരത്തിൽ അധികം വാഹനങ്ങളുടെ പരിശോധനയും പൊലീസ് നടത്തിയിട്ടുണ്ട്.
ചുവന്ന കളര്‍ ഡിയോയിലാണ് അക്രമി എത്തിയതെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. ലഭിച്ച സിസി ടിവി ദൃശ്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ബ്രിട്ടീഷ് പൊലീസിന്റെ അടക്കം സഹായവും അന്വേഷണസംഘം തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിസി ടിവി ദൃശ്യങ്ങള്‍ വ്യക്തതയോടെ വലുതായി കാണിക്കുന്ന സാങ്കേതിക വിദ്യയുടെ സഹായമാണ് തേടിയിരിക്കുന്നത്.
7,000 അധികം സിസി ടിവി ക്യാമറകളാണ് പരിശോധിച്ചത്. രാജ്യത്തെ പ്രമുഖ ഫോറന്‍സിക് വിദഗ്ദരുടെ സഹായം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക പൊലീസ് സംവിധാനങ്ങളുടെ സാങ്കേതികസഹായങ്ങളും പൊലീസ് ഉപയോഗപ്പെടുത്തിയിരുന്നു. എകെജി സെന്റര്‍, കുന്നുകുഴി, ലോ കോളെജ്, മെഡിക്കല്‍ കോളെജ് എന്നീ ടവര്‍ ലൊക്കേഷനുകളിലൂടെ കടന്ന് പോയ ഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്.
7000 അധികം ഫോണ്‍ കോള്‍ വിശദാംശങ്ങളാണ് പൊലീസ് പരിശോധിച്ചത്. ജൂണ്‍ 30 രാത്രി 10.30 മുതല്‍ 11.45 വരെയുള്ള വാട്‌സ്ആപ്പ് കോളുകള്‍, സന്ദേശങ്ങള്‍, എസ്എംഎസ് എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. വിപുലമായ അന്വേഷണം നടത്തിയത് വൻ പൊലീസ് സംഘമാണ്.
Post Your Comments