Latest NewsNewsIndia

വിചിത്രമായ ആസക്തി: ബംഗാളിലെ യുവാക്കൾ കോണ്ടം മയക്കുമരുന്നാക്കുന്നു, അമ്പരപ്പ്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ താമസിക്കുന്ന അനേകം യുവാക്കൾ വിചിത്രമായ ഒരു ലഹരിയുടെ പിടിയിലാണ്. മയക്കുമരുന്ന് ഉപയോഗം യുവാക്കൾക്കിടയിൽ വര്‍ധിക്കുന്നുവെന്ന നിരവധി റിപ്പോര്‍ട്ടുകള്‍ക്കിടെ വിചിത്രമായ ഒരു വാർത്ത കൂടി പുറത്തുവരികയാണ്. മയക്കുമരുന്ന് ഉപയോഗത്തിനായി പലതരം വഴികൾ യുവാക്കൾ പരീക്ഷിക്കാറുണ്ട്, അത്തരത്തിൽ കേട്ടാൽ ആരും അമ്പരക്കുന്ന രീതിയിലാണ് ദുർഗാപൂരിലെ യുവാക്കൾ മയക്കുമരുന്ന് ഉപയോഗിക്കുന്നത്.

കോളേജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കോണ്ടം മയക്കുമരുന്നായി ഉപയോഗിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദുർഗാപൂരിലെ വിവിധ ഭാഗങ്ങളായ ദുർഗാപൂർ സിറ്റി സെന്റർ, ബിധാൻനഗർ, ബെനചിറ്റി, സി സോണിലെ മുച്ചിപ്പാറ, എ സോൺ എന്നിവിടങ്ങളിൽ ആണ് കോണ്ടം മയക്കുമരുന്നായി ഉപയോഗിക്കുന്നതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ രുചിയുള്ള കോണ്ടം വിൽപ്പന ഗണ്യമായി വർദ്ധിച്ച് വന്ന സാഹചര്യത്തിൽ, ഒരു പ്രാദേശിക കടയുടമ തന്റെ കടയിലെ സ്ഥിരം ഉപഭോക്താവായ ഒരു യുവാവിനോട് കാര്യമന്വേഷിച്ചപ്പോഴാണ് വിചിത്രമായ മയക്കുമരുന്ന് ഉപയോഗരീതിയെ കുറിച്ച് പുറംലോകം അറിഞ്ഞത്.

Also Read:തൃശ്ശൂരില്‍ രണ്ടിടത്ത് നിന്നായി കഞ്ചാവ് ചെടി കണ്ടെത്തി

മദ്യപിക്കാൻ താൻ സ്ഥിരമായി കോണ്ടം വാങ്ങാറുണ്ടെന്നായിരുന്നു യുവാവ് കടക്കാരനോട് പറഞ്ഞത്. പത്തിരട്ടിയോളമാണ് കോണ്ടം വില്‍പ്പനയില്‍ വര്‍ധനവുണ്ടായത്. ഫ്‌ളേവേര്‍ഡ് കോണ്ടം ചൂട് വെള്ളത്തില്‍ മുക്കിവെക്കുമ്പോള്‍ ലഭിക്കുന്ന പ്രത്യേകതരം ആല്‍ക്കഹോളാണ് ഇത്തരത്തില്‍ മയക്കുമരുന്നിനായി ഉപയോഗിക്കുന്നത്. ആ ദ്രാവകം ഒരു ദിവസമോ അതില്‍ കൂടുതലോ സൂക്ഷിച്ചുവെച്ച ശേഷം കുടിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവാക്കളുടെ ആസക്തിയുടെ പുതിയ മാർഗത്തെ കുറിച്ച് അറിഞ്ഞതോടെ ദുർഗാപൂരിലെ ജനങ്ങൾ അമ്പരന്നു പോയി. ‘കോണ്ടങ്ങളിൽ സുഗന്ധമുള്ള സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. അത് ലഹരിയാക്കി മാറ്റുന്നു. ഇത് ആസക്തിയാണ്. ഈ സുഗന്ധ സംയുക്തം ഡെൻഡ്രൈറ്റ് പശയിലും കാണപ്പെടുന്നു. അതിനാൽ പലരും ആസക്തിയ്ക്കും ഡെൻഡ്രൈറ്റ് ഉപയോഗിക്കുന്നു’, ദുർഗാപൂർ ഡിവിഷണൽ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ധീമാൻ മണ്ഡ സംഭവത്തിൽ പ്രതികരിച്ചു.

10 മുതല്‍ 12 മണിക്കൂര്‍ വരെ ഇതിന്റെ ലഹരി നീണ്ടും നില്‍ക്കും. കോണ്ടത്തിന് ഗന്ധം നല്‍കുന്ന ഒരു പ്രത്യേക തരം വസ്തുവില്‍ നിന്നാണ് ഇത്തരത്തില്‍ ആല്‍ക്കഹോള്‍ രൂപപ്പെടുന്നതെന്ന് ആരോഗ്യവിദഗ്ദന്‍ ചൂണ്ടികാട്ടി. യുവാക്കള്‍ ലഹരി കിട്ടാന്‍ ഇത്തരത്തില്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നത് ആദ്യമല്ലെന്നും ഇത് ഗുരുതര ശാരീരിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്നും ആണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button