കണ്ണിന്റെ ആരോഗ്യം പലരും വേണ്ടവിധത്തിൽ ശ്രദ്ധ ചെലുത്താറില്ല. അണുബാധയോ, വേദനയോ അനുഭവപ്പെട്ടാൽ മാത്രം പരിപാലിക്കേണ്ട ഒന്നല്ല കണ്ണ്. വളരെയധികം ശ്രദ്ധ ആവശ്യമുള്ള ഒന്നായതുകൊണ്ടാണ് വളരെ സൂക്ഷിക്കേണ്ട അവസരങ്ങളിൽ കണ്ണിലെ കൃഷ്ണമണി പോലെ എന്നു പോലും പറയുന്നത്.
കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമായും ശ്രദ്ധിക്കേണ്ടത് ആഹാരത്തിലാണ്. ഒമേഗ -3 ഫാറ്റി ആസിഡുകൾ, ല്യൂട്ടിൻ, സിങ്ക്, വിറ്റാമിൻ സി, ഇ തുടങ്ങിയ പോഷകങ്ങൾ പ്രായവുമായി ബന്ധപ്പെട്ട കാഴ്ച പ്രശ്‌നങ്ങളായ തിമിരം പോലുള്ളവയെ ഒഴിവാക്കാൻ സഹായിക്കും. അതിനായി പച്ച ഇലക്കറികളും, സാൽമൺ, ട്യൂണ പോലെയുള്ള എണ്ണമയമുള്ള മത്സ്യങ്ങൾ, മുട്ട, പരിപ്പ്, ബീൻസ്, ഓറഞ്ചും മറ്റ് സിട്രസ് പഴങ്ങളും ജ്യൂസുകളും കക്കയും പന്നിയിറച്ചിയും ആഹാരത്തിൽ ഉൾപ്പെടുത്തണം.
കണ്ണിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമായി ഉപേക്ഷിക്കേണ്ടതാണ് പുകവലി. പ്രായമാകും മുൻപ് തന്നെ തിമിരം ബാധിക്കാൻ പുകവലി കാരണമാകും.
അതുപോലെ കംപ്യൂട്ടർ സ്‌ക്രീനിലോ ഫോണിലോ ധാരാളം സമയം നോക്കിയിരിക്കുന്നത് കണ്ണിനെ ബാധിക്കും. മങ്ങിയ കാഴ്ച, അകലെ ഫോക്കസ് ചെയ്യുന്നതിൽ പ്രശ്‌നം, വരണ്ട കണ്ണുകൾ, തലവേദന, കഴുത്ത്, പുറം, തോളിൽ വേദന എന്നിവയൊക്കെ ഇങ്ങനെയുള്ള സാഹചര്യത്തിൽ അനുഭവപ്പെടാം.
കണ്ണടയോ കോൺടാക്റ്റ് ലെൻസോ ഈ സാഹചര്യത്തിൽ ഉപയോഗിക്കാൻ ശ്രമിക്കണം. ആവശ്യമെങ്കിൽ ആന്റി-ഗ്ലെയർ സ്ക്രീൻ ഉപയോഗിക്കുക.നല്ലൊരു കസേര തിരഞ്ഞെടുക്കുക. പാദങ്ങൾ തറയിൽ മുട്ടുന്നതുപോലെയുള്ള കസേരയാണ് ആവശ്യം. കണ്ണുകൾ വരണ്ടതാണെങ്കിൽ, കൂടുതൽ കണ്ണുചിമ്മുക.
ഓരോ 20 മിനിറ്റിലും നിങ്ങളുടെ കണ്ണുകൾക്ക് വിശ്രമം നൽകുക. 20 സെക്കൻഡ് 20 അടി അകലെ നോക്കുക. ഓരോ 2 മണിക്കൂറിലും എഴുന്നേറ്റ് 15 മിനിറ്റ് ഇടവേള എടുക്കുക.
Post Your Comments