ഭാരതത്തിന്റെ പതിനഞ്ചാമത് രാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് ആശംസകൾ നേർന്ന് നടിയും ട്രാൻസ് വുമണുമായ സുകന്യ കൃഷ്ണ. ക്രിയാത്മകമായ, പുരോഗമനപരമായ ഒരു സംഭവമായിരുന്നു മുർമുവിന്റെ സ്ഥാനാർത്ഥിത്വമെന്നും, ഒരു വലിയ മാറ്റം അവിടെ തുടങ്ങിയെന്നും സുകന്യ ഫേസ്‌ബുക്കിൽ കുറിച്ചു. ഒരിക്കൽ ഒരു ട്രാൻസ്ജെണ്ടർ വ്യക്തിയും ഭാരതത്തിന്റെ രാഷ്ട്രപതി ആകും തന്റെ കൂടെപ്പിറപ്പുകൾക്ക് ആഗ്രഹിക്കാനും, സ്വപ്നം കാണാനും, ഉറപ്പിക്കാനും കഴിയുന്നത്ര വലിയ മാറ്റമാണ് ഇതെന്ന് സുകന്യ ചൂണ്ടിക്കാട്ടുന്നു.
‘ഭാരതത്തിന്റെ പതിനഞ്ചാമത് രാഷ്‌ട്രപതിയായി ദ്രൗപദി മുർമു തിരഞ്ഞെടുക്കപ്പെടുമ്പോൾ അതിയായ സന്തോഷം. പിന്നോക്ക വിഭാഗം, പിന്നോക്ക വർഗം എന്നൊക്കെ പേരിട്ട് പാർശ്വവത്കരിക്കപ്പെട്ട ധാരാളം സമൂഹങ്ങൾ നമ്മുടെ രാഷ്ട്രത്തിൽ ഇന്നുമുണ്ട്. അത്തരം സമൂഹങ്ങളുടെയും വ്യക്തികളുടെയും ഉന്നമനം പലപ്പോഴും കടലാസിൽ മാത്രമൊതുങ്ങുന്ന പദ്ധതികൾ മാത്രമായി ചുരുങ്ങാറാണ് പതിവ്. എന്നാൽ. അതിൽ നിന്നൊക്കെ വിഭിന്നമായി, ക്രിയാത്മകമായ, പുരോഗമനപരമായ ഒരു സംഭവമായിരുന്നു ദ്രൗപതി മുർമുവിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിത്വം. ഒരു വലിയ മാറ്റം അവിടെ തുടങ്ങി. ഒരിക്കൽ ഒരു ട്രാൻസ്ജെണ്ടർ വ്യക്തിയും ഭാരതത്തിന്റെ രാഷ്ട്രപതി ആകും എന്ന് എനിക്കും എന്റെ കൂടെപ്പിറപ്പുകൾക്കും ആഗ്രഹിക്കാനും, സ്വപ്നം കാണാനും, ഉറപ്പിക്കാനും കഴിയുന്നത്ര വലിയ മാറ്റം’, സുകന്യ ഫേസ്ബുക്കിലെഴുതി.
അതേസമയം, മുർമുവിന്റെ വിജയത്തിന്റെ ആഹ്ലാദത്തിലാണ് രാജ്യം. നടന്നത് വ്യാപക ക്രോസ് വോട്ടിംഗ് ആയിരുന്നു. 17 എംപിമാരും 104 എംഎൽഎമാരും ദ്രൗപദി മുർമുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തു. മൂന്ന് സംസ്ഥാനങ്ങൾ മുഴുവൻ വോട്ടുകളും മുർമുവിന് നൽകി. ആന്ധ്രാപ്രദേശ്, നാഗാലാന്റ്, സിക്കിം എന്നീ സംസ്ഥാനങ്ങളാണ് മുഴുവൻ വോട്ടുകളും ദ്രൗപദി മുർമുവിന് നൽകിയത്. മുർമുവിന് മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നും വോട്ടുകൾ ലഭിച്ചു. ഒരു വോട്ട് പോലും ലഭിക്കാൻ സാദ്ധ്യതയില്ലാതിരുന്ന കേരളത്തിൽ നിന്നും ഒരു വോട്ട് മുർമുവിന് ലഭിച്ചു. മുർമുവിന് ഏറ്റവും കുറവ് വോട്ട് ലഭിച്ച സംസ്ഥാനം ആണ് കേരളം.
Post Your Comments