തിരുവനന്തപുരം: കേരള സർവകലാശാലയ്ക്കു ലഭിച്ച നാക് എ++ അംഗീകാരം സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിന് കരുത്തുപകരുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർവകലാശാലയുടെ നാക് അക്രഡിറ്റേഷൻ പ്രക്രിയയിൽനിന്നു ലഭിച്ച അനുഭവങ്ങൾകൂടി സ്വാംശീകരിച്ച് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടികളും ഇടപെടലുകളും ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാക് എ++ അംഗീകാരം നേടിയ കേരള സർവകലാശാലയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അക്കാദമിക് മികവ് നേടുന്നതിലും അടിസ്ഥാന സൗകര്യങ്ങൾ വര്‍ദ്ധിപ്പിക്കുന്നതിലും സാങ്കേതികവിദ്യയെ കൂടുതൽ വിനിയോഗിക്കുന്നതിലും സർവകലാശാല നടത്തിയ ഫലപ്രദമായ ഇടപെടലിന്റെ ഫലമായാണ് 3.67 പോയിന്റിലൂടെ എ++ ഗ്രേഡ് ലഭിച്ചത്. ഇത് ലഭ്യമാകാൻ വേണ്ട ഏറ്റവും കുറഞ്ഞപോയിന്റ് 3.51 ആയിരിക്കെയാണു ഇത്രയും ഉയർന്ന പോയിന്റ് നേടിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമൂല മാറ്റങ്ങൾക്കുള്ള സജീവ ഇടപെടലുകൾ സർക്കാർ നടത്തുകയാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. കേരള സർവകലാശാലയ്ക്കു ലഭിച്ച നാക് അംഗീകാരം സർക്കാരിന്റെ ഈ ശ്രമങ്ങൾക്കു വലിയ ഊർജം നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു. സർവകലാശാലയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകിയ ഉപഹാരം മുഖ്യമന്ത്രിയിൽനിന്ന് വൈസ് ചാൻസലർ പ്രൊഫ. വി.പി മഹാദേവൻ പിള്ള ഏറ്റുവാങ്ങി. കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ, ഗതാഗത മന്ത്രി ആന്റണി രാജു, ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ, വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, സർവകലാശാല സിൻഡിക്കേറ്റ് അംഗം കെ.എച്ച്. ബാഹുജാൻ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
Post Your Comments