ലക്നൗ: ആപ്പിൾ ഐഫോൺ കേടാക്കിയതിനെ തുടർന്ന് കൂട്ടുകാരനെ നാൽവർ സംഘം കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ സുൽത്താൻപൂരിലാണ് ആശ്ചര്യജനകമായ സംഭവം നടന്നത്. ദീർഘകാലം സുഹൃത്തുക്കളായിരുന്ന ഇവർക്കിടയിലുണ്ടായ കശപിശയാണ് കൊലപാതകത്തിനു കാരണം.
സുൽത്താൻപൂർ സ്വദേശിയായ ഗൗരവ് സിംഗ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് പ്രതികളായ സൗരവ് പഥക്, ആദിത്യ സിംഗ്, യശ്വന്ത്സിംഗ്, അഭിനവ് സിംഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടവനും വധിച്ചവരുമടക്കം എല്ലാവരും എസ്.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരാണ്. പുറത്തുള്ള സുഹൃത്തുക്കളോടൊപ്പം, ഈ നാലു പേരെയും ഗൗരവ് പരസ്യമായി പരിഹസിക്കുക പതിവായിരുന്നു.
കൂട്ടുകാർ തമ്മിലുണ്ടായ ചെറിയ കശപിശയെ തുടർന്ന് ഗൗരവ് സിംഗ് സൗരവിന്റെ വിലകൂടിയ ഐഫോൺ അബദ്ധവശാൽ കേടാക്കിയിരുന്നു. ഇതിൽ പ്രകോപിതനായ സൗരവ് യശ്വന്തിന്റെ സഹായത്തോടെ ഒരു നാടൻ കൈത്തോക്ക് സംഘടിപ്പിച്ചു. പിന്നീട്, പട്ടേൽ ചൗക്ക് ക്രോസിങ്ങിനു സമീപം സൗകര്യത്തിനു കിട്ടിയപ്പോൾ സൗരവ് ഗൗരവിന്റെ തലയ്ക്കു പിറകിൽ വെടിവെക്കുകയായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി.
Post Your Comments