KeralaLatest NewsNews

സി. കേശവൻ ജനാധിപത്യ സ്വാതന്ത്ര്യത്തിനായി നിലകൊണ്ട മഹദ് വ്യക്തിത്വം: മുഖ്യമന്ത്രി

 

 

തിരുവനന്തപുരം:  ജനാധിപത്യ സ്വാതന്ത്ര്യത്തിനായി നിലകൊണ്ട മഹദ് വ്യക്തിത്വമായിരുന്നു സി. കേശവനെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ബ്രിട്ടിഷ് ഭരണത്തിൽനിന്നു പുറത്തുകടക്കുകയെന്നതിനൊപ്പം സമൂഹത്തിൽ നിലനിൽക്കുന്ന ഉച്ചനീചത്വം കൂടി ഇല്ലാതാക്കിയാലേ സ്വാതന്ത്ര്യം പൂർണ്ണമാകൂ എന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സി. കേശവന്റെ ഓർമയ്ക്കായുള്ള സി. കേശവൻ സ്മാരക പുരസ്‌കാരം പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനു സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാഥാസ്ഥിതികതയോട് ഏറ്റുമുട്ടുന്നതിൽ എപ്പോഴും വലിയ താത്പര്യം പ്രകടിപ്പിച്ച വ്യക്തിയായിരുന്നു സി. കേശവൻ. ജാതിവ്യവസ്ഥ, മതാന്ധത എന്നിവയോടെല്ലാം അദ്ദേഹം ഏറ്റുമുട്ടി. ജാതിവിരുദ്ധ സമരത്തിൽനിന്നു സാമ്രാജ്യത്വ വിരുദ്ധ സമരത്തിലേക്കുകൂടി നീങ്ങണമെന്ന് അദ്ദേഹം ചിന്തിച്ചു. സാമുദായിക ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങളെ ദേശീയ സ്വാതന്ത്ര്യ സമരവുമായി ബന്ധിപ്പിക്കണമെന്നായിരുന്ന അദ്ദേഹത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യസ്നേഹ പ്രവർത്തനങ്ങളിൽ ഡോ. പുനലൂർ സോമരാജൻ നടത്തുന്ന പ്രവർത്തനം മാതൃകാപരമാണ്. തീർത്തും നിരാലംബരായ വ്യക്തികളെ പൂർണ്ണമായി സംരക്ഷിക്കുന്ന മാതൃകാ സ്ഥാപനമായാണു ഗാന്ധിഭവൻ അറിയപ്പെടുന്നതെന്നും മുഖ്യന്ത്രി പറഞ്ഞു.
തിരുവനന്തപുരം പ്രസ്‌ ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ സി. കേശവൻ സമിതി രക്ഷാധികാരിയും മുൻ മന്ത്രിയുമായ കെ. രാജു അദ്ധ്യക്ഷത വഹിച്ചു. ആനത്തലവട്ടം ആനന്ദൻ, വി.കെ ജയകുമാർ, കെ. യശോധരൻ, അഞ്ചൽ ഗോപൻ, ഷാജി മാധവൻ തുടങ്ങിയവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button