ഭോപ്പാൽ: പ്രവാചകനിന്ദ നടത്തിയെന്നാരോപിച്ച് നിയമനടപടി നേരിടുന്ന ബിജെപി മുൻ ഔദ്യോഗിക വക്താവ് നൂപുർ ശർമയെ പിന്തുണച്ച ബജ്രംഗ്ദൾ പ്രവർത്തകന് നേരെ സംഘം ചേർന്ന് ആക്രമണം.
മധ്യപ്രദേശിലെ ഭോപ്പാലിൽ ആണ് സംഭവം. ആയുഷ് ജാദം എന്ന യുവാവിന് നേരെയാണ് പൊതുജനം നോക്കി നിൽക്കെ ആക്രമണം നടന്നത്. ഉജ്ജൈൻ റോഡിലൂടെ ബൈക്കിൽ വരികയായിരുന്ന ആയുഷിനെ 12 പേരിൽ അധികം വരുന്ന ഒരു സംഘം തടഞ്ഞു നിർത്തുകയായിരുന്നു.
‘ബൈക്കിൽ വന്നിരുന്ന എന്നെ പന്ത്രണ്ടോളം പേർ തടഞ്ഞു നിർത്തുകയാണ് ചെയ്തത്. അവർ ആദ്യം എന്റെ പേര് ചോദിച്ച് ആളുമാറിയിട്ടില്ലെന്ന് ഉറപ്പാക്കി. തൊട്ടുപിറകെ കത്തികളും മൂർച്ചയുള്ള ആയുധങ്ങളും കൊണ്ട് എന്നെ ആക്രമിച്ചു. നൂപുർ ശർമയെ പിന്തുണച്ചാൽ എന്റെ തലയറുത്തിടുമെന്നും അവർ മുന്നറിയിപ്പ് നൽകി’. ആയുഷ് പറയുന്നു.
Also read:പ്രഥമ പൗരനോ പൗരയോ: രാഷ്ട്രപതിയെ ഇന്നറിയാം, ഫലം വൈകീട്ടോടെ
തലയ്ക്ക് പരിക്കേറ്റ ആയുഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തെ തുടർന്ന് ആക്രമണം നടന്ന സ്ഥലത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ ആണ് ഇതെന്ന് പോലീസ് സൂപ്രണ്ട് രാകേഷ് സാഗർ പറയുന്നു. നൂപുർ ശർമയെ പിന്തുണച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം രാജ്യത്ത് രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.
Post Your Comments