തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് കീഴിൽ മാറ്റിയ തീരുമാനം സർക്കാർ പിന്‍വലിച്ചു. മുസ്ലിം സംഘടനകളുടെ എതിര്‍പ്പിന് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങുകയായിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് നിയമസഭയില്‍ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ലീഗിനെ പൂര്‍ണമായി തള്ളിയും മുസ്ലിം സംഘടനകളെ പിന്തുണച്ചുമാണ് മുഖ്യമന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്.
‘വഖഫ് നിയമനം നേരത്തെ സഭയിൽ ചർച്ച ചെയ്തതാണ്. അന്ന് കുഞ്ഞാലിക്കുട്ടി സഭയിൽ ഉണ്ടായിരുന്നില്ല. അന്ന് ലീഗ് ഉയർത്തിയ പ്രശ്നം നിലവിൽ ഉള്ളവരുടെ തൊഴിൽ നഷ്ടപ്പെടുമോ എന്നത് മാത്രം ആയിരുന്നു. ആ സംരക്ഷണം ഉറപ്പ് നൽകി. ബില്ല് സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ട ഘട്ടത്തിലും ആരും പ്രശ്നം ഉന്നയിച്ചില്ല. മുസ്ലിം സംഘടനകളുമായുള്ള ചര്‍ച്ചകളിലെ പൊതുധാരണയുടെ അടിസ്ഥാനത്തില്‍ വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോവുകയാണ്. നിയമ ഭേദഗതി കൊണ്ട് വരും. പി.എസ്.സി വഴി നിയമനം നടത്താൻ തുടർ നടപടി എടുത്തിട്ടില്ല. യോഗ്യരായവരെ നിയമിക്കാൻ പുതിയ സംവിധാനം ഉടൻ തയ്യാറാക്കും’, മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
അതേസമയം, സര്‍ക്കാരും മുഖ്യമന്ത്രിയും മതപണ്ഡിതന്മാരെ വിളിച്ച് വഖഫ് ഭേദഗതി പിന്‍വലിക്കുന്ന കാര്യം പരിഗണിക്കുമെന്ന് പറഞ്ഞ് വഞ്ചിച്ചിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഉടൻ പ്രതിഷേധത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആഗസ്ത് ഒന്നിന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെയും അനുസ്മരണം കൊല്ലം ജില്ലയില്‍ ചേരാനും കൊച്ചിയില്‍ ചേര്‍ന്ന മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം.
Post Your Comments