അമൃത്സർ: ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെ വാലെയുടെ കൊലപാതകികളെന്ന് സംശയിക്കുന്ന രണ്ടു പേരെ പഞ്ചാബ് പൊലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചു. ജഗ് രൂപ് സിങ്, മന്നു കുസ്സ എന്ന മൻപ്രീത് സിങ് എന്നീ ഗുണ്ടകളാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ നാലു മണിക്കൂർ നീണ്ടുനിന്നെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ പോലീസ് ഇവരെ മനഃപൂർവ്വം എൻകൗണ്ടർ ചെയ്തതാണെന്നാണ് ചില മാധ്യമങ്ങൾ ആരോപിക്കുന്നത്.
മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിട്ടുണ്ട്. വെടിവെപ്പിൽ ഒരു ന്യൂസ് ചാനലിന്റെ ക്യാമറമാന്റെ വലതുകാലിന് വെടിയേറ്റതായും റിപ്പോർട്ടുണ്ട്. അമൃത്സറിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഭക്‌ന ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടൽ. എകെ 47 റൈഫിൾ, പിസ്റ്റൾ, ഒരുപാട് വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തതായി പഞ്ചാബ് പോലീസിന്റെ ഗുണ്ടാ വിരുദ്ധ ടാസ്‌ക് ഫോഴ്‌സിന്റെ തലവനായ എഡിജിപി പ്രമോദ് ബാൻ പറഞ്ഞു.
ഗുണ്ടകളിൽപെട്ട ദീപക് മുണ്ടി എന്നയാളെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സ്ഥിതി നിയന്ത്രണ വിധേയമായെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഗുണ്ടാ സംഘത്തിന്റെ തലവനായ ലോറൻസ് ബിഷ്‌ണോയിയാണ് സിദ്ദുവിന്റെ കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കേസിൽ ഗുണ്ടാസംഘത്തിലെ നിരവധി പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം പഞ്ചാബിലെ ജവഹർ കെ ഗ്രാമത്തിലേക്ക് ജീപ്പിൽ പോകുമ്പോഴാണ് സിദ്ദുവിന് വെടിയേറ്റത്.
Post Your Comments