Latest NewsKeralaNews

ജയരാജണ്ണൻ്റെ കണ്ണീർ കറുത്ത മേഘങ്ങളായി വിമാനത്തെ പൊതിയും, വിമാനം ആടി ഉലയും, പൈലറ്റിന് വയറിളക്കം: വൈറൽ കുറിപ്പ്

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ ഇനി യാത്ര ചെയ്യില്ലെന്ന് പ്രഖ്യാപനം നടത്തിയ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെ ട്രോളി മാധ്യമ പ്രവർത്തകൻ ബൈജു എൻ നായർ. ജയരാജൻ തീവണ്ടിയിൽ കയറി യാത്ര ചെയ്യുന്ന ദാരുണമായ ആ ചിത്രം എന്നും ഇൻഡിഗോയെ വേട്ടയാടുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പരിഹാസ രൂപേണ ഫേസ്‌ബുക്കിൽ കുറിച്ചു. പോസ്റ്റ് വളരെ പെട്ടന്നാണ് വൈറലായത്. നിരവധി പേരാണ് കുറിപ്പ് ഷെയർ ചെയ്യുന്നത്. ജയരാജണ്ണൻ്റെ കണ്ണീർ കറുത്ത മേഘങ്ങളായി വിമാനത്തെ പൊതിയുമെന്നും, വിമാനം ആടി ഉലയുമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

സോഷ്യൽ മീഡിയയെ ഏറെ ചിരിപ്പിച്ച ആ പോസ്റ്റ് വായിക്കാം:

ജയരാജണ്ണൻ്റെ ഉഗ്രശപഥം ഇൻഡിഗോ എയർലൈൻസിനെ വിഴുങ്ങിത്തുടങ്ങുന്ന ആദ്യ ദിനം തന്നെ ഇൻഡിഗോയിൽ യാത്ര ചെയ്യേണ്ടി വരുന്ന ഹതഭാഗ്യനാണ് ഞാൻ. അനുസരണയുള്ള പാർട്ടി പ്രവർത്തകനാണെങ്കിലും ടിക്കറ്റ് നേരത്തെ എടുത്തു പോയതിനാൽ ഇക്കുറി കൂടി ഇൻഡിഗോയിൽ യാത്ര ചെയ്യാൻ ഞാൻ നിർബന്ധിതനാവുകയായിരുന്നു. എനിക്കറിയാം, ഇന്നു ഞാൻ അനുഭവിക്കാൻ പോകുന്നത് എന്തായിരിക്കുമെന്ന്. ജയരാജണ്ണൻ്റെ കണ്ണീർ കറുത്ത മേഘങ്ങളായി വിമാനത്തെ പൊതിയും. വിമാനം ആടി ഉലയും. രണ്ട് എഞ്ചിനുകളും തീ കത്തിപ്പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പൈലറ്റിന് വയറിളക്കം, എയർ ഹോസ്റ്റസുമാർക്ക് വരട്ടു ചൊറി എന്നിവയ്ക്കുള്ള സാധ്യതയും കാണുന്നു. ‘ഞാനാരാണെന്ന് അവർക്കറിയില്ല’ എന്ന അണ്ണൻ്റെ ഹൃദയം പൊട്ടി യുള്ള അലർച്ച മേഘങ്ങൾ ഏറ്റു പാടും. കനത്ത മഴയിൽ വിമാനം റൺവേയിൽ ഉലഞ്ഞാടും.( ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ തലപ്പത്തുള്ള നേതാവിനെ ഇൻഡിഗോയ്ക്ക് അറിയില്ലല്ലേ! ഇപ്പം ശരിയാക്കിത്തരാം .. )

ഞാൻ ഒന്നു തീരുമാനിച്ചു. എന്തായാലും യാത്ര മുടക്കാനാവില്ല. എന്നാൽ ജയരായണ്ണനെ അപമാനിച്ച ഇൻഡിഗോയെ വെറുതെ വിടാനും പറ്റില്ല. അതുകൊണ്ട് പ്രഭാത ഭക്ഷണമായി വിളമ്പുന്ന ഉപ്പുമാവിൽ ഞാൻ ആഞ്ഞു തുപ്പും.കൂടാതെ ടോയ്‌ലെറ്റിൽ കയറി, വാതിലടച്ച ശേഷം ഇൻഡിഗോ തുലയട്ടെ, ജയരായണ്ണൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്യും. തൊഴിലാളി വർഗത്തിൻ്റെ നേതാക്കൾക്ക് ആഢംബര യാത്ര നിഷേധിക്കുന്ന വിമാനക്കമ്പനികൾക്കെതിരെ എന്നും ഞാൻ ഇത്തരത്തിൽ പ്രതിഷേധിക്കുന്നതായിരിക്കും. അണ്ണൻ തീവണ്ടിയിൽ കയറി യാത്ര ചെയ്യുന്ന ദാരുണമായ ആ ചിത്രം എന്നും ഇൻഡിഗോയെ വേട്ടയാടുക തന്നെ ചെയ്യും. ഇൻഡിഗോ, എനിക്കറിയില്ല, നിനക്കിനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്! എന്തായാലും, കാൾ മാർക്സണ്ണാ, ഈ യാത്രയിൽ എന്നെ കാത്തോൾണേ!

shortlink

Related Articles

Post Your Comments

Related Articles


Back to top button