Latest NewsKeralaIndia

ലക്ഷ്യം ലോക ബാങ്ക്: ഐഐടിയിൽനിന്ന് പബ്ലിക് പോളിസിയിലേക്ക്, ശോഭയുടെ മകന് വിളി വന്നത് ലോകോത്തര സർവകലാശാലകളിൽ നിന്ന്

ജിആർഇ യോഗ്യതയ്ക്കായി സ്വയം പഠിച്ച് 340ൽ 335 എന്ന മികച്ച സ്‌കോറും നേടി.

പാലക്കാട്: ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് ഹരിലാൽ കൃഷ്ണ എന്ന വിദ്യാർത്ഥിയുടെ നേട്ടങ്ങളാണ്. ഹരിലാൽ മറ്റാരുമല്ല, ബിജെപി സംസ്ഥാന നേതാവ് ശോഭാ സുരേന്ദ്രന്റെ മകനാണ്. മകന്റെ നേട്ടം സംബന്ധിച്ച് ശോഭാ സുരേന്ദ്രൻ തന്നെ രാവിലെ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. കെമിക്കൽ എൻജിനീയറിങ്ങിൽ ഐഐടി ഡൽഹിയിൽനിന്നു ബിടെക്–എംടെക് ഡ്യുവൽ ഡിഗ്രി എടുത്ത ഹരിലാൽ കൃഷ്ണ തുടർന്ന് പഠിക്കാൻ തിരഞ്ഞെടുത്ത മേഖല പബ്ലിക് പോളിസിയാണ്.

അപേക്ഷ നൽകിയതിനെത്തുടർന്ന് വിളിവന്നത് ലോകത്തെ തന്നെ എണ്ണപ്പെട്ട സർവകലാശാലകളിൽ നിന്നാണ്. കാലിഫോർണിയ ബെർക്‌ലി, ഷിക്കാഗോ, ഐവി ലീഗിൽ ഉൾപ്പെടുന്ന കൊളംബിയ എന്നിവിടങ്ങളിൽനിന്ന് ആണ് വിളി വന്നത്.

ഐഐടിയിലെ പഠനശേഷം 2020ൽ പ്ലേസ്‌മെന്റിന് ഇരുന്നില്ല. പകരം ഐഐടി ഡൽഹിയിലെ സ്‌കൂൾ ഓഫ് പബ്ലിക് പോളിസിയിൽ സീനിയർ പ്രോജക്ട് സയന്റിസ്റ്റായി. ഇതിനിടെ, ജർമനിയിലെ പ്രമുഖ സർവകലാശാലയായ ആർഡബ്ല്യുടിഎച്ച് ആകെനിലും ഗവേഷണം നടത്തി. ഇന്ത്യയിലെ ക്ലീൻടെക് സ്റ്റാർട്ടപ്പുകളുടെ സാധ്യതകളായിരുന്നു വിഷയം. പബ്ലിക് പോളിസിയിൽ മാസ്റ്റേഴ്‌സ് എടുക്കാൻ തീരുമാനിച്ചപ്പോൾ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച നയപഠനങ്ങൾക്കായിരുന്നു ഊന്നൽ.

യുഎസ് സർവകലാശാലകളിൽ അപേക്ഷിക്കാനായി സ്റ്റേറ്റ്‌മെന്റ് ഓഫ് പർപ്പസും റെക്കമെൻഡേഷൻ ലെറ്ററുകളും തയാറാക്കി. ജിആർഇ യോഗ്യതയ്ക്കായി സ്വയം പഠിച്ച് 340ൽ 335 എന്ന മികച്ച സ്‌കോറും നേടി. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ-ബെർക്‌ലിയിൽ ചേരാനാണു ഹരിലാലിന്റെ തീരുമാനം. കേരള എൻട്രൻസിൽ 43-ാം റാങ്ക് ലഭിച്ചിരുന്നു. എന്നാൽ ജെഇഇ–അഡ്വാൻസ്ഡിലും മികച്ച റാങ്ക് ലഭിച്ചതിനാൽ ഐഐടി ഡൽഹിയിൽ ചേരുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button