ഝാർഖണ്ഡ്: പതിനെട്ടുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പതിനേഴുകാരിയായ ഭാര്യ പൊലീസ് കസ്റ്റഡിയിൽ. ഝാർഖണ്ഡിലെ ജംതാര ജില്ലയിലാണ് സംഭവം. പുഷ്പ ഹെംബ്രാം എന്ന പതിനേഴുകാരിയാണ് പിടിയിലായത്. ജീൻസ് ധരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് പതിനെട്ടുകാരനായ ആന്ദോളൻ ടുഡുവിനെ പെൺകുട്ടി കൊലപ്പെടുത്തിയെന്നാണ് ആരോപണം. ഭർത്താവിന്റെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് പെൺകുട്ടിയെ കസ്റ്റഡിൽ എടുത്തത്.
നാലുമാസം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. പെൺകുട്ടിക്ക് ജീൻസ് ധരിക്കുന്നത് വലിയ ഇഷ്ടമായിരുന്നു. എന്നാൽ, ഭർത്താവിന് അവൾ ജീൻസ് ധരിക്കുന്നത് ഇഷ്ടമല്ലായിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. ജൂലൈ 12 -ന് ഒരു മേളയിൽ പങ്കെടുത്ത് തിരികെ എത്തിയതായിരുന്നു പുഷ്പ. അപ്പോൾ അവൾ ഒരു ജീൻസാണ് ധരിച്ചിരുന്നത്. അത് കണ്ടതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കം രൂക്ഷമായപ്പോൾ ദമ്പതികൾ വീട് വിട്ട് പുറത്തിറങ്ങി.
ടുഡു മദ്യപിച്ചിട്ടുണ്ടായിരുന്നു. റിപ്പോർട്ടുകളനുസരിച്ച് അയാൾ കുറ്റിക്കാട്ടിലും മുളങ്കാട്ടിലും വീണ് പരിക്കേറ്റിരുന്നു എന്ന് പറയുന്നു. എന്നാൽ, അതിന് ശേഷം ഇരുവരും മുറിയിലേക്ക് തന്നെ തിരികെ എത്തി. പക്ഷേ, പിറ്റേ ദിവസം മുതൽ ടുഡുവിന്റെ ആരോഗ്യനില വഷളായി. ഇതേ തുടർന്ന് ആദ്യം പ്രദേശത്തെ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും മറ്റ് ആശുപത്രിയിലും എത്തിച്ചു. ജൂലൈ പതിനാറിന് ടുഡു മരിക്കുകയായിരുന്നു.
പെൺകുട്ടിയും ഇയാളും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് പരിക്കേറ്റ് നാല് ദിവസത്തിന് ശേഷമാണ് യുവാവ് മരിച്ചത് എന്നും പൊലീസ് പറയുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് ഗോപാൽപൂർ ഗ്രാമത്തിൽ എത്തിയ പൊലീസ് സംഘം പതിനേഴുകാരിയായ പുഷ്പ ഹെംബ്രാമിനെ കസ്റ്റഡിയിലെടുത്തു.ടുഡുവിനെ പുഷ്പ മുറിവേൽപ്പിച്ചു എന്ന് പറയുന്നുണ്ടെങ്കിലും അതിന് തെളിവുകളൊന്നും ലഭിച്ചില്ല എന്ന് പൊലീസ് പറയുന്നു. കത്തിയും ഇതുവരെ കണ്ടെത്തിയിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് വരാൻ കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
Post Your Comments