
കാഞ്ഞങ്ങാട്: കടല്‍ത്തീരത്ത് നടത്തിയ ക്ലാസിനിടെ കുട്ടികള്‍ക്ക് ഛര്‍ദ്ദിയും തലകറക്കവും. മരക്കാപ്പ് ഫിഷറീസ് ഗവ. ഹൈസ്‌കൂളിലെ 49 വിദ്യാര്‍ഥികള്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. 42 പേരെ ജില്ലാ ആശുപത്രിയിലും ബാക്കിയുള്ളവരെ നീലേശ്വരം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11.30-ഓടെയായിരുന്നു സംഭവം. സ്‌കൂളിന്റെ മതിലിനപ്പുറം കടല്‍ത്തീരമാണ്.
ശുചിത്വ ബോധവത്കരണത്തിനായി അഞ്ച്, ആറ്, ഏഴ് ക്ലാസിലെ പെണ്‍കുട്ടികളെയാണ് കടപ്പുറത്തെത്തിച്ചത്. കടല്‍ക്കാറ്റ് വീശിയതോടെ കുട്ടികളില്‍ പലരും അസ്വസ്ഥരായി. ആദ്യം ഒരു കുട്ടിയും പിന്നാലെ ഒന്നിലേറെ കുട്ടികളും ഛര്‍ദ്ദിച്ചു. അതോടെ അധ്യാപകരും നാട്ടുകാരുമെത്തി കുട്ടികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മഴക്കാലത്ത് ചില സമയങ്ങളില്‍ കടല്‍ക്കാറ്റ് ഏറ്റാല്‍ തലകറക്കം ഉണ്ടാകുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കുട്ടികള്‍ക്ക് മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ലെന്നും എങ്കിലും 24 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷമേ ആശുപത്രിയില്‍നിന്ന് വിടുകയുള്ളൂവെന്നും ജില്ലാ ആശുപത്രിയിലെത്തിയ ഡി.എം.ഒ. ഡോ. എ.വി.രാംദാസ് അറിയിച്ചു.
Post Your Comments