നാഗർകോവിൽ: വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച ആളെ കുത്തിക്കൊന്ന് യുവതി പോലീസില്‍ കീഴടങ്ങി. ഉറക്കഗുളിക നൽകി മയക്കിയ ശേഷം യുവതി ഇയാളെ കുത്തിക്കൊലപ്പെടുത്തുകയും തുടർന്ന്, പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയുമായിരുന്നു. നാഗർകോവിൽ വടശ്ശേരി സ്വദേശിയും ആരൽവായ്മൊഴി ഇ.എസ്.ഐ ആശുപത്രി ജീവനക്കാരനുമായ രതീഷ് കുമാറാ(35)ണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മണവാളക്കുറിച്ചി സ്വദേശിനി ഷീബ(37)യെ അറസ്റ്റ് ചെയ്തു.
ബുധനാഴ്ച വൈകുന്നേരത്തോടെ ഇ.എസ്.ഐ ആശുപത്രിയിൽ എത്തിയ ഷീബ, രതീഷിന് ഉറക്കഗുളിക കലർന്ന ആഹാരം നൽകി, അബോധാവസ്ഥയിലാക്കിയ ശേഷമാണ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. രതീഷ് കുമാറിന്റെ ദേഹത്ത് മുപ്പത് കുത്തുകളേറ്റിരുന്നതായി പോലീസ് പറഞ്ഞു. 2009-ൽ വിവാഹിതയായ ഷീബയ്ക്ക് രണ്ട് മക്കളുണ്ട്. സ്വകാര്യ പോളിടെക്നിക് കോളേജിൽ അദ്ധ്യാപികയായ ഷീബ ഇ.എസ്.ഐ ആശുപത്രിയിൽ എത്തിയപ്പോഴാണ് രതീഷിനെ പരിചയപ്പെടുന്നത്.
തുടർന്ന്, രതീഷിന്റെ നിർബന്ധപ്രകാരം 2019-ൽ ഭർത്താവുമായി നിയമപരമായി പിരിഞ്ഞു. എന്നാല്‍ ഷീബയ്ക്ക് വിവാഹവാഗ്ദാനം നൽകിയിരുന്ന, രതീഷ് കഴിഞ്ഞ വർഷം മറ്റൊരു യുവതിയെ വിവാഹം കഴിച്ചതോടെ ഇരുവരും തമ്മിൽ പ്രശ്നങ്ങൾക്കു തുടക്കമായി.
ഷീബയുമായി സംസാരിക്കാൻപോലും രതീഷ് താത്പര്യം കാണിക്കാതായപ്പോഴാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് ഷീബ മൊഴി നല്‍കി.
തന്റെ പിറന്നാൾ ദിവസം അവസാനമായി, താൻ തയ്യാറാക്കിയ ആഹാരം കഴിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷീബ ബുധനാഴ്ച ഇ.എസ്.ഐ ആശുപത്രിയിൽ രതീഷിനെ കാണാൻ പോയത്. സംഭവത്തിൽ ആരൽവായ്മൊഴി പോലീസ് കേസെടുത്തു.
Post Your Comments