ചെന്നൈ: മലയാള സിനിമയിൽ മൂന്ന് പതിറ്റാണ്ടിലധികം തിളങ്ങി നിന്നിരുന്ന നിറസാന്നിദ്ധ്യമായിരുന്നു പ്രതാപ് പോത്തൻ. ഇന്ന് രാവിലെയാണ് എല്ലാവരെയും ഞെട്ടിച്ച് അദ്ദേഹത്തെ ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ വേലക്കാരൻ എത്തിയപ്പോഴാണ് അദ്ദേഹം മരിച്ചു കിടക്കുന്നത് കണ്ടത്.
അതേസമയം, മരണ കാരണം വ്യക്തമല്ല. അതിനിടെ ആത്മഹത്യാ സംശയവും സജീവമാണ്. പോസ്റ്റ്മോർട്ടം ചെയ്താൽ മാത്രമേ മരണ കാരണം വ്യക്തമാകൂ. പതിനഞ്ച് മണിക്കൂർ മുൻപ് വരെ പ്രതാപ് പോത്തൻ സമൂഹമാധ്യമങ്ങളിൽ സജീവമായി കുറിപ്പുകൾ പങ്കുവച്ചിരുന്നു . ജിം മോറിസൺ, ജോർജ് കാർലിൻ തുടങ്ങിയവരുടെ വാചകങ്ങളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. അതിൽ മരണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു. ആരോഗ്യവും മോശമായിരുന്നില്ല. അതുകൊണ്ടാണ് അപ്രതീക്ഷിത വിയോഗത്തിൽ സംശയങ്ങൾ ഉയരുന്നത്. മരണത്തെ കുറിച്ചുള്ള എഴുത്ത് ആ സംശയം സജീവമാക്കുന്നു.
‘കുറേശ്ശെ ഉമിനീർ ദീർഘകാലഘട്ടത്തിൽ വിഴുങ്ങുന്നതിലൂടെയാണ് മരണം സംഭവിക്കുന്നത്.’ ‘ചിലയാളുകൾ നല്ലവണ്ണം കരുതൽ കാണിക്കും. അതിനെയാണ് സ്നേഹം എന്ന് പറയുന്നത്. ‘ ‘ജീവിതം എന്ന് പറയുന്നത് ബില്ലുകൾ അടക്കുക എന്നതാണ്. ‘ ‘ഞാൻ വിചാരിക്കുന്നത് കലയിൽ പ്രത്യേകിച്ച് സിനിമയിൽ, ആളുകൾ അവർ നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കാൻ ശ്രമിക്കുന്നുവെന്നാണ്.’ 2020 ൽ പങ്കുവച്ച ഭക്ഷണവുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് പ്രതാപ് പോത്തൻ കഴിഞ്ഞ ദിവസം വീണ്ടും പങ്കുവച്ചിരുന്നു. കശുവണ്ടി കറിയും മുട്ടയും കൊളസ്ട്രോൾ കൂട്ടില്ലേ എന്നൊരാൾ അദ്ദേഹത്തോട് ചോദിച്ചു. എഴുപത് വയസ്സിൽ ആര് ഇതൊക്കെ ശ്രദ്ധിക്കാനാണെന്ന് പ്രതാപ് പോത്തൻ മറുപടി പറഞ്ഞിട്ടുണ്ട്.
എഴുപതുകളുടെ അവസാനത്തിൽ ആരംഭിച്ച സിനിമാ ജീവിതം തൊണ്ണൂറുകളുടെ അവസാനമായതോടെ ഒന്നു നിർത്തിയെങ്കിലും 2005 ൽ അത് വീണ്ടും പുനരാരംഭിക്കുകയായിരുന്നു. രണ്ടാം വരവിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ തന്നെ തിരഞ്ഞെടുത്ത നടൻ എന്നും മലയാളിയുടെ മനസ്സിലേക്ക് വ്യത്യസ്ഥത കൊണ്ടുവന്നു. ലളിതവും വ്യത്യസ്തവുമായ അഭിനയത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രതിഭയെയാണ് നഷ്ടമായത്. സംവിധായകൻ എന്ന നിലയിലും നിർമ്മാണ രംഗത്തെ സംഭാവന കൊണ്ടും തെന്നിന്ത്യൻ സിനിമയിൽ തന്റേതായ മുദ്രപതിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം. ‘
ഇടക്കാലത്ത് ചലച്ചിത്ര രംഗത്തുനിന്ന് വിട്ടുനിന്നപ്പോഴും ആസ്വാദക മനസ്സുകളിൽ പ്രതാപിന്റെ സ്ഥാനം മങ്ങിയില്ല. മലയാള ചലച്ചിത്രത്തിലെ മാറുന്ന ഭാവുകത്വത്തിനൊപ്പം അഭിനയത്തിലൂടെ പ്രതാപ് സഞ്ചരിച്ചു. പക്ഷേ ആർക്കും മുമ്പിലും തുറക്കാത്തതായിരുന്നു വ്യക്തി ജീവിതം. രണ്ട് കല്യാണം.. രണ്ടും വിവാഹ മോചനത്തിലുമെത്തി പ്രശസ്ത നടി രാധിക ശരത് കുമാർ ആയിരുന്നു ആദ്യ ഭാര്യ. എന്നാൽ ഈ ബന്ധം ഒരു വർഷം മാത്രമാണ് നീണ്ടു നിന്നത്. പിന്നീട് അമല സത്യനാഥിനെ കല്യാണം കഴിച്ചു. ഈ ബന്ധത്തിൽ കേയ എന്നൊരു മകൾ ഉണ്ട്. എന്നാൽ ഈ ബന്ധവും നീണ്ടുനിന്നില്ല. 22 വർഷത്തിന് ശേഷം ഈ വിവാഹവും 2012-ൽ അവസാനിച്ചു.
Post Your Comments