KeralaLatest NewsIndia

മങ്കി പോക്സ്: അതീവ ജാഗ്രതയിൽ സംസ്ഥാനം: കേന്ദ്രസംഘം ഇന്നെത്തും

തിരുവനന്തപുരം: കേരളത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നാലംഗ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. സംസ്ഥാന പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിന് വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും സംഘം നൽകും. നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിലെ ഒരു അംഗവും, ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ഉപദേഷ്ടാവും, രണ്ട് ഡോക്ടർമാരുമാണ് സംഘത്തിലുള്ളത്.

സംഘത്തിൽ ഒരു മലയാളിയുമുണ്ട്. കേരളത്തിലെ സ്ഥിതി കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ കേരളത്തിൽ കൂടുതൽ പേരെ ആവശ്യമെങ്കിൽ ആശുപത്രികളിലെ നിരീക്ഷണത്തിലേക്ക് മാറ്റാൻ നടപടി എടുക്കും. പോസിറ്റീവ് ആയ കൊല്ലം സ്വദേശിക്കൊപ്പം വിമാനത്തിൽ അടുത്തു യാത്ര ചെയ്ത 11 പേർ ഉണ്ടെന്നു കണ്ടെത്തിയിരുന്നു. ഇവരോട് സ്വയം നിരീക്ഷണം പാലിക്കാനും, ലക്ഷണങ്ങൾ കണ്ടെത്തിയാൽ പരിശോധിക്കാനും ആണ് ഇപ്പോൾ നിർദേശം നൽകിയിട്ടുള്ളത്.

ചികിത്സ, ഐസൊലേഷൻ, വിമാന താവളങ്ങളിൽ ഉൾപ്പടെ നിരീക്ഷണം എന്നിവയിൽ വിശദമായ മാർഗ രേഖയും തയാറാണ്. അതേസമയം, രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവാവിൻ്റെ ആരോഗ്യ നില തൃപ്തികരമാണ് .അടുത്ത ബന്ധുക്കളും വിമാനത്തിൽ അടുത്തിരുന്നവരും നിരീക്ഷണത്തിലാണ്.

ഇൻകുബേഷൻ പിരീഡ് 13 മുതൽ 21 ദിവസം വരെ നീളാം. കൂടുതൽ ദിവസങ്ങൾ ജാഗ്രത പുലർത്തണമെന്ന് സമ്പർക്കത്തിലുള്ളവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 65 ലേറെ രാജ്യങ്ങളിലായി പതിനായിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് പോലെ പടർന്നു പിടിക്കാത്തതും സങ്കീർണതകൾ കുറവാണെന്നതും ആശ്വാസകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button