Latest NewsKerala

‘വിധവയായത് അവരുടെ വിധി, പറഞ്ഞതിൽ ഒരു തെറ്റുമില്ല: കെ കെ രമയ്‌ക്കെതിരായ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നെന്ന് എം എം മണി

തിരുവനന്തപുരം: രമയെക്കുറിച്ചു പറഞ്ഞതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്ന് എം എം മണി. രമ ഒരു വർഷമായി മുഖ്യമന്ത്രിയെ തേജോവധം ചെയുന്നു. ഇത്രയും നാൾ ഞങ്ങൾ ഒന്നും പറഞ്ഞില്ല. വിധവയായത് വിധി എന്ന പരമർശത്തിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ കെ രമയെ ഇന്നലെ നിയമസഭയിൽ അധിക്ഷേപിച്ച് സംസാരിച്ച എം എം മണി 10 വർഷം മുൻപ് വിവാദമായ ‘വൺ ടു ത്രീ’ പ്രസംഗം നടത്തിയത് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടർന്നു സിപിഎം സംഘടിപ്പിച്ച വിശദീകരണ യോഗത്തിലായിരുന്നു.

ഇന്നലെ രമയെ ആക്ഷേപിക്കാൻ മണി ഉപയോഗിച്ചത് ടി.പിയുടെ രക്തസാക്ഷിത്വമാണെന്ന പ്രത്യേകതയുമുണ്ട്. അതേസമയം, ഇതാദ്യമല്ല മണിയുടെ വിവാദ പ്രസംഗങ്ങളും പരാമർശങ്ങളും. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണ് 2012 മേയ് 25നു തൊടുപുഴ മണക്കാട്ടെ വിവാദ പ്രസംഗം.

‘പട്ടിക തയാറാക്കി രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയും കൈകാര്യം ചെയ്‌തും സിപിഎമ്മിനു ശീലമുണ്ട്. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. ശാന്തൻപാറയിൽ പാർട്ടിക്കെതിരെ പ്രവർത്തിച്ചവരെ പട്ടിക തയാറാക്കിയാണു കൈകാര്യം ചെയ്‌തത്. 13 പേരുടെ പട്ടിക തയാറാക്കി. ആദ്യത്തെ 3 പേരെ കൊന്നു. ഒന്നാമനെ വെടിവച്ചുകൊന്നു. രണ്ടാമത്തവനെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു. പീരുമേട്ടിൽ ഒരാളെയും കൊന്നു. വൺ, ടൂ, ത്രീ, ഫോർ…’ പ്രസംഗത്തെത്തുടർന്നു മണിക്കെതിരെ 4 കേസുകൾ വന്നു. 46 ദിവസം ജയിലിലുമായി.

കേസെടുക്കാൻ കഴിയില്ലെങ്കിൽ പൊലീസുകാർ കാക്കിക്കുപ്പായം ഊരിവച്ച് ബാർബർ ഷോപ്പ് തുടങ്ങണമെന്ന മണിയുടെ മറ്റൊരു പ്രസംഗത്തിനെതിരെ 2014 ഒക്ടോബറിൽ ബാർബർമാരുടെ സംഘടന രംഗത്തുവന്നിരുന്നു. മണിയുടെ മുടിയും താടിയും വെട്ടില്ലെന്നു സംഘടന തീരുമാനമെടുത്തു. ഖേദം പ്രകടിപ്പിച്ചാണ് അന്ന് അദ്ദേഹം തലയൂരിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button