Latest NewsKeralaNews

തലസ്ഥാനത്ത് സാംസ്‌കാരിക ഡയറക്ട്രേറ്റും പുനരധിവാസ കേന്ദ്രവും സ്ഥാപിക്കും: വി എൻ വാസവൻ

തിരുവനന്തപുരം: തലസ്ഥാനത്ത് സാംസ്‌കാരിക ഡയറക്ട്രേറ്റും അവശ കലാകാരന്മാർക്കുള്ള പുനരധിവാസ കേന്ദ്രവും സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സാംസ്‌കാരിക മന്ത്രി വി എൻ വാസവൻ. ധനാഭ്യർത്ഥന ചർച്ചകൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. പ്രളയം, കോവിഡ് മഹാമാരി എന്നിവ പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ കലാകാരന്മാർക്ക് സഹായം ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ‘ജനങ്ങൾക്കൊപ്പം’: പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ സ്‌കൂട്ടർ ഓടിച്ചെത്തി ഹിമന്ത ബിശ്വ ശർമ്മ

കലാസാംസ്‌കാരിക പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും കലാ, സാംസ്‌കാരിക പ്രവർത്തകർക്ക് കേന്ദ്രീകരിക്കുന്നതിനുമായി ജില്ലകളിൽ നവോത്ഥാന, സാംസ്‌കാരിക നായകരുടെ പേരിൽ സമുച്ചയങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗതിയിലാണ്. 9 ജില്ലകളിൽ സ്ഥലം ലഭ്യമായിട്ടുണ്ട്. ശേഷിക്കുന്ന ജില്ലകളിൽ സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ചലച്ചിത്ര ചരിത്ര മ്യൂസിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളും പുരോഗതിയിലാണ്. 59 രാജ്യങ്ങളിൽ മലയാളം മിഷന്റെ പ്രവർത്തനങ്ങൾക്കായി ചാപ്റ്ററുകൾ സ്ഥാപിച്ച് പ്രവർത്തനങ്ങൾ വ്യാപകമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. സംഗീത നാടക അക്കാഡമി നാടകോത്സവം സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്ക് അറിവു നൽകുന്ന പ്രവർത്തനങ്ങളുമായി ശക്തമായി മുന്നോട്ട് പോകുകയാണ്. കഥാപ്രസംഗ കലയുടെ പ്രചാരണത്തിനും മറ്റുമായി കൊല്ലത്ത് സംവിധാനം ഒരുങ്ങുന്നുണ്ടെന്നും ഇതിനായി ഒരു സഹകരണ സംഘത്തിന് 40,000 രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

ആലപ്പുഴയിൽ നാടൻ കലാരൂപങ്ങളെ സംരക്ഷിക്കുന്നതിനായി പി കൃഷ്ണപിള്ളയുടെ പേരിൽ ആരംഭിക്കുന്ന സാംസ്‌കാരിക കേന്ദ്രത്തിലും ഫോക് ലോർ അക്കാഡമിയിലും പ്രത്യേക സംവിധാനങ്ങളൊരുക്കുമെന്നും മന്ത്രി പറഞ്ഞു. കലാകാരന്മാർക്കുള്ള ചികിത്സാ സഹായധന പദ്ധതി തുടരുമെന്നും മന്ത്രി വിശദീകരിച്ചു. വെള്ളിയാഴ്ച ജന്മദിനം ആഘോഷിക്കുന്ന എം.ടി. വാസുദേവൻ നായർക്ക് ആശംസകൾ അർപ്പിച്ചു കൊണ്ടാണ് ധനാഭ്യർത്ഥന ചർച്ചകൾക്ക് മന്ത്രി വി എൻ. വാസവൻ മറുപടി നൽകിയത്.

Read Also: പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി സിഗ്നേച്ചർ ഗ്ലോബൽ ഇന്ത്യ ലിമിറ്റഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button