തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മേഖലയിൽ മരുന്ന് പ്രതിസന്ധി എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മരുന്ന് ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടി പ്രത്യേക ക്രമീകരണങ്ങൾ ചെയ്തു. മരുന്ന് ലഭ്യത ഉറപ്പാക്കാനും, വിതരണം സുഗമമാക്കാനും മേൽനോട്ടം വഹിക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കാൻ കെ.എം.എസ്.സി.എൽ-നോട് ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിലും ഏകോപനത്തിനും ഇടപെടലിനും പരിശോധനയ്ക്കുമായി പ്രത്യേക നോഡൽ ഓഫീസർമാരെ നിയോഗിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനുള്ള മറുപടി പറയുകയായിരുന്നു മന്ത്രി.
Read Also: ജിദ്ദ വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് വിമാനം തെന്നിമാറി: ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ
തുടർച്ചയായി ആരോഗ്യ വകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, വകുപ്പ് തലവൻമാർ, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ വിശദമായ അവലോകന യോഗങ്ങൾ നടത്തി. ജില്ലകളിൽ ഡെപ്യുട്ടി ഡി.എം.ഒ മാർക്ക് പ്രത്യേക ചുമതല നൽകി. മെഡിക്കൽ കോളേജുകളിൽ ആർ.എം.ഒ-മാരെ ചുമതലപ്പെടുത്തി. മരുന്നുകൾ ഉപയോഗിക്കാത്തിരുന്നിടത്ത് നിന്ന് ആവശ്യമുള്ളിടത്തേയ്ക്ക് എത്തിക്കുന്നുവെന്നും വാർഷിക ഇൻഡന്റിനേക്കാൾ ആവശ്യമെങ്കിൽ അധികമായി ഉപഭോഗം ഉണ്ടായ ഇടങ്ങളിൽ മരുന്നുകൾ അഡീഷണൽ ഇൻഡന്റിലൂടെ ടെണ്ടർ വിലയ്ക്ക് തന്നെ വാങ്ങി ലഭ്യമാക്കുന്നുവെന്നും ഉറപ്പാക്കി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ 69 കോടി രൂപ ആശുപത്രികൾക്കായി അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ആശുപത്രികളിലെ മരുന്നുകളുടെ ഉപഭോഗത്തിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടായി. ഇൻഡന്റിലും ഈ ഏറ്റക്കുറച്ചിലുകൾ പ്രതിഫലിക്കപ്പെട്ടു. ഈ സാചര്യങ്ങൾ സമഗ്രമായി വിലയിരുത്തി മാസങ്ങൾക്ക് മുമ്പുതന്നെ സർക്കാർ കൃത്യമായ ഇടപെടൽ നടത്തിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
സാധാരണ ഗതിയിൽ ഓരോ വർഷത്തെയും ടെണ്ടർ ക്വാണ്ടിറ്റിയുടെ അവസാനത്തെ ഷെഡ്യൂൾ ആ സാമ്പത്തിക വർഷം കഴിഞ്ഞ് ഏകദേശം ഓഗസ്റ്റ് മാസം വരെയുള്ള ഉപയോഗത്തിന് വേണ്ടിയുള്ളതാണ്. ഈ സാമ്പത്തിക വർഷത്തെ മരുന്ന് സംഭരണ വിതരണത്തിനുള്ള നടപടികൾ ആരംഭിച്ചത് 2021 ഒക്ടോബർ മാസത്തിലാണ്. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ 2020-21 വർഷത്തിലും 2021-22 വർഷത്തിലും ഡിസംബർ മാസത്തിലാണ് ടെണ്ടർ ക്ഷണിച്ചിട്ടുള്ളത്. 2023-24 സാമ്പത്തിക വർഷത്തേയ്ക്കുള്ള മരുന്ന് വിതരണ നടപടികൾ ആണ് ഈ വർഷം നടക്കുന്നത്. ഈ വർഷത്തെ ടെണ്ടറിന്റെ പർചേസ് ഓർഡറുകൾ നൽകുകയും, ആദ്യ ഷെഡ്യൂൽ അനുസരിച്ചുള്ള മരുന്ന് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.
നായ്ക്കളിൽ നിന്നും പൂച്ചകളിൽ നിന്നും കടിയേറ്റ് ആന്റി റാബിസ് വാക്‌സിൻ എടുക്കുന്നതിനായി ആശുപത്രികളിൽ വരുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാവുകയും ഇതിന്റെ ഫലമായി IDRV/ARS എന്നിവയുടെ ഉപയോഗം വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ എല്ലാ ജില്ലകളിൽ നിന്നും ഈ വാക്‌സിനുകളുടെ അധിക ഇൻഡന്റ് ശേഖരിച്ച് കൂടുതൽ വാക്‌സിൻ ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇൻഡന്റിനേക്കാൾ അധിക ഉപഭോഗം ഉണ്ടായ മരുന്നുകൾ സംഭരണശാലകളിൽ നിന്ന് വിതരണം നടത്തിവരുന്നുണ്ട്. വരും വർഷങ്ങളിൽ മരുന്ന് സംഭരണ വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ടി വാർഷിക ഇൻഡന്റ് തയ്യാറാക്കുന്നത് മുതൽ മരുന്നകൾ വിതരണം ചെയ്യുന്നത് വരെയുള്ള പ്രക്രിയ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് സംഭരണ വിതരണങ്ങളുടെ സമയം നിജപ്പെടുത്തുന്ന കലണ്ടർ ഉടൻ പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസത്തിൽ തന്നെ അടുത്ത സാമ്പത്തിക വർഷത്തെ 2023-24 മരുന്ന് സംഭരണ നടപടികൾ ആരംഭിക്കും. മരുന്നുകൾ പൂർണ്ണമായി തീർന്നിട്ട് അടുത്ത ഷെഡ്യൂൽ ആവശ്യപ്പെടുന്നത് ഒഴിവാക്കി, ലഭ്യമായ മരുന്നിന്റെ ഒരു നിശ്ചിത ശതമാനം ഉപയോഗിച്ച് തീരുമ്പോൾ തന്നെ കെ.എം.എസ്.സി.എൽ-നെ ഇക്കാര്യം ആശുപത്രികൾ അറിയിക്കുന്ന രീതിയും സ്വീകരിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Also: യു.കെ പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരം: ആദ്യ റൗണ്ട് വോട്ടിംഗിൽ ഋഷി സുനക് ഒന്നാമത്
Post Your Comments