പത്തനംതിട്ട: കോന്നിയില്‍ സഹപാഠികളായ മൂന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ മരിച്ചിട്ട് ഏഴ് വര്‍ഷം തികഞ്ഞിട്ടും എന്തിനാണ് ഇവര്‍ മരിച്ചതെന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. പെണ്‍കുട്ടികളുടെ ദുരൂഹ മരണം സംബന്ധിച്ച് പൊലീസിന് ഒരു തെളിവ് പോലും ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം.
പെണ്‍കുട്ടികള്‍ എന്തിനാണ് മരിച്ചതെന്നോ എങ്ങിനെയാണ് മരിച്ചതെന്നോ മരിക്കുന്നതിന് മുമ്പ് എവിടെയൊക്കെ പോയി എന്ന കാര്യത്തിലോ പൊലീസിന് ഇനിയും വ്യക്തത ഇല്ല. ആത്മഹത്യ എന്ന് എഴുതി തള്ളി പൊലീസ് കേസ് അവസാനിപ്പിക്കുമ്പോള്‍ തങ്ങളുടെ മക്കള്‍ എന്തിന് ആത്മഹത്യ ചെയ്തെന്ന് അറിയാതെ വിഷമിക്കുകയാണ് ഇവരുടെ മാതാപിതാക്കള്‍.
രാജി, ആര്യ,ആതിര എന്നീ സുഹൃത്തുക്കളാണ് വീടുവിട്ടിറങ്ങുകയും ദിവസങ്ങള്‍ക്ക് ശേഷം ഒരുമിച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തത്. എന്നാല്‍, പെണ്‍കുട്ടികളുടെ മരണകാരണം കണ്ടെത്താന്‍ പൊലീസ് പരാജയപ്പെട്ടെന്നാണ് ബന്ധുക്കള്‍ ഇപ്പോഴും ആരോപിക്കുന്നത്.
ഒറ്റപ്പാലത്തെ മങ്കരയിക്ക് സമീപം റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൂന്ന് പെണ്‍കുട്ടികളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുരൂഹത നിറഞ്ഞ മരണത്തിന് ഓട്ടേറെ ചോദ്യങ്ങള്‍ ബാക്കിയാക്കി ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം മതിയാക്കി. സിബിഐ അന്വേഷണ ആവശ്യപ്പെട്ടുള്ള ബന്ധുക്കളുടെ നിവേദനം സര്‍ക്കാര്‍ തള്ളാത്തത് മാത്രമാണ് ഈ കേസിലെ ഏക പ്രതീക്ഷ.
2015 ജൂലൈ ഒന്‍പതിനാണ് കോന്നി ഗവണ്‍മെന്റ്
ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്ന ഇവരെ കാണാതായത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ബെംഗളൂരുവില്‍ എത്തിയെന്ന് ആദ്യം കണ്ടെത്തിയിരുന്നു. എന്നാല്‍, ബെംഗളൂരിവില്‍ നിന്നും കുട്ടികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. മൂന്നാം ദിവസം പെണ്‍കുട്ടികളെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആദ്യം കോന്നി സിഐയുടെ നേതൃത്തിലാണ് അന്വേഷണം നടന്നത്. തുടര്‍ന്ന്, നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അന്ന് ഐജി ആയിരുന്ന ബി.സന്ധ്യയും റേഞ്ച് ഡിഐജിആയിരുന്ന മനോജ് എബ്രഹാമും കേസ് ഏറ്റെടുത്തു. എന്നാല്‍, ഫൊറന്‍സിക്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയെന്ന് പൊലീസ് വിധി എഴുതി. വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നുമെല്ലാം പൊലീസ് മൊഴി എടുത്തു. ബാഹ്യ ഇടപെടലും ലൈംഗിക അതിക്രമവും ഇല്ലെന്ന കാരണത്താലാണ് അന്വേഷണം അവസാനിപ്പിച്ചത്.
ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികള്‍ സ്വയം ബെംഗളൂരുവിലേയ്ക്ക് പോയെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, എന്തിനാണ് അവര്‍ നാടുവിട്ടതെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല.
Post Your Comments