തിരുവനന്തപുരം: കോണ്‍ഗ്രസ് പുനസംഘടനാ പട്ടികയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍ എം.പി. തൃക്കാക്കരയിലൂടെ ആരോഗ്യത്തോടെ തിരികെ കൊണ്ടുവന്ന പാര്‍ട്ടിയെ വീണ്ടും ഐ.സിയുവിലാക്കാനാണ് നീക്കമെന്നും സ്ഥാനമാനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വച്ചതില്‍ അതിയായ ദുഃഖമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
പുനസംഘടന ഏത് രീതിയില്‍ നടത്തിയാലും എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ കഴിയില്ല. ശരിക്കുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊള്ളാനും കൂടുതല്‍ ആളുകള്‍ താഴെത്തട്ടില്‍ ഉണ്ടാകാനും സംഘടനാ തെരഞ്ഞടുപ്പ് നടത്തുകയെന്നതു മാത്രമെ പരിഹാരമുള്ളു. ഇടതു സര്‍ക്കാരിനെതിരായ ജനവികാരം വോട്ടാക്കി മാറ്റണമെങ്കില്‍ ശക്തമായ മിഷണറി ആവശ്യമാണ്. ആ മിഷണറി ഉണ്ടാകാന്‍ ഒരു സ്ഥലത്ത് നിന്ന് വേറെരാളെ ഇറക്കിയതു കൊണ്ടു കാര്യമില്ല. അതു മനസിലാക്കി സംസ്ഥാന, കേന്ദ്ര നേതൃത്വം മുന്നോട്ടു പോകുമെന്നാണ് തന്നെ പോലുള്ളവര്‍ പ്രതീക്ഷിക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
കഴിഞ്ഞ നിയമസഭ,ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പുകളിലെ പരാജയത്തില്‍ ഐ.സി.യുവില്‍ ആയ പ്രസ്ഥാനത്തെ പൂര്‍ണ്ണ ആരോഗ്യത്തോടെ തൃക്കാക്കരയില്‍ നമ്മള്‍ തിരികെ കൊണ്ടുവന്നിരുന്നു.
ഐക്യതയോടെയുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ വലിയ വിജയമായിരുന്നു അത്.എന്നാല്‍ സ്ഥാനമാനങ്ങള്‍ വീതംവെച്ച് അതിനെ ഐ.സി.യുവിലേക്ക് തിരികെ അയക്കാനുള്ള ശ്രമങ്ങള്‍ ചില ഭാഗത്തുനിന്നും കാണുന്നതില്‍ അതിയായ ദുഃഖമുണ്ട്.
കെപിസിസി അംഗങ്ങളുടെ പുനഃസംഘടന പട്ടികയിൽ 28 പുതുമുഖങ്ങളെ ഉൾപെടുത്താൻ ആണ് ധാരണയായത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ യോഗം ചേർന്നാണ് പട്ടിക സംബന്ധിച്ച് ധാരണയിലെത്തിയത്.
280 അംഗപട്ടികയിൽ 46 പേരെ മാറ്റിക്കൊണ്ടുള്ള പട്ടിക നേരത്തെ സമർപ്പിച്ചെങ്കിലും യുവ, വനിത പ്രാതിനിധ്യം കൂട്ടാൻ ആവശ്യപ്പെട്ട് പട്ടിക തിരിച്ചയച്ചിരുന്നു. ഇതേത്തുടർന്നാണ് മാറ്റം വരുത്തിയത്. ഏകദേശം 25 ശതമാനം പുതിയ ആളുകളെ ഉൾപ്പെടുത്തിയുള്ള പട്ടികയാണ് തയ്യാറാകുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിൽ പുനഃസംഘടന പൂർത്തിയാക്കാൻ നേതൃത്വവും ഗ്രൂപ്പുകളും നേരത്തെ ധാരണയിലെത്തിയിരുന്നു.
Post Your Comments