ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിനു മുന്നിലെ അശോക സ്തംഭത്തിലെ സിംഹങ്ങൾക്ക് ക്രൂരഭാവമെന്ന പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾ തള്ളി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യം സ്ഥാപിച്ചിരിക്കുന്ന അശോക സ്തംഭവുമായി ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നതിന് യാതൊരു മാറ്റവും ഇല്ലെന്നും, വിവാദങ്ങൾ ഉണ്ടാക്കുന്നവരുടെ ഭാവനയിൽ തോന്നുന്നതാണ് ഇക്കാര്യങ്ങളെന്നും അദ്ദേഹം വിമർശിച്ചു. സാരനാഥിന്റെ യഥാർത്ഥ ചിഹ്നത്തിന് 1.6 മീറ്റർ ഉയരമുണ്ടെന്നും അതേസമയം പാർലമെന്റിന്റെ പുതിയ കെട്ടിടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത എംബ്ലം 6.5 മീറ്റർ ഉയരത്തിലാണെന്നും കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.
‘സൗന്ദര്യം അത് കാണുന്നവരുടെ കണ്ണിനെ ആശ്രയിച്ചിരിക്കുമെന്നത് പ്രസിദ്ധമാണ്. ശാന്തതയുടെയും കോപത്തിന്റെയും കാര്യവും അങ്ങനെ തന്നെയാണ്. സാരാനാഥ് ചിഹ്നത്തിന് 1.6 മീറ്റർ ഉയരമുണ്ടെന്നും ഏറ്റവും പുതിയ ചിത്രീകരണം 6.5 മീറ്ററാണെന്നും ആനുപാതിക അളവ് നോക്കുന്നവർ തിരിച്ചറിയുക. ഒറിജിനലിന്റെ കൃത്യമായ ഒരു പകർപ്പ്, പുതിയ കെട്ടിടത്തിൽ സ്ഥാപിച്ചാൽ, പെരിഫറൽ റെയിലിന് അപ്പുറത്ത് ദൃശ്യമാകില്ല. രണ്ട് ഘടനകളെ താരതമ്യം ചെയ്യുമ്പോൾ ആംഗിൾ, ഹൈറ്റ്, സ്കെയിൽ എന്നിവയുടെ സ്വാധീനത്തെ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്’, അദ്ദേഹം ട്വീറ്റ് ചെയ്തു.
Also Read:യുവാവിന്റെ മൃതദേഹം കടലിൽ കണ്ടെത്തി: പെൺസുഹൃത്തിനെ കാണാൻ പോയ കിരണിന്റേതെന്ന് സംശയം
സാരാനാഥിൽ സ്ഥാപിച്ചിരിക്കുന്ന ഒറിജിനൽ തറനിരപ്പിലാണെന്നും പുതിയ ചിഹ്നം ഭൂമിയിൽ നിന്ന് 33 മീറ്റർ ഉയരത്തിലാണെന്നും ‘വിദഗ്ധർ’ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാരാനാഥ് ചിഹ്നം താഴെ നിന്ന് നോക്കിയാൽ അത് ചർച്ച ചെയ്യുന്നതുപോലെ ശാന്ത ഭാവത്തിലാകാം കാണുന്നതെന്നും മന്ത്രി പറഞ്ഞു.
പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്ത ദേശീയ ചിഹ്നമായ അശോക സ്തംഭത്തിനെതിരെ പ്രതിപക്ഷമാണ് ആദ്യം രംഗത്ത് വന്നത്. ദേശീയ ചിഹ്നം പരിഷ്കരിച്ചു എന്നും പ്രതിപക്ഷം ആരോപിച്ചു. അശോക സ്തംഭത്തിലെ സിംഹങ്ങൾക്ക് സൗമ്യഭാവമാണ് ഉള്ളതെന്നും ഇപ്പോൾ സ്തംഭത്തിലെ സിംഹങ്ങൾ നരഭോജികളെപ്പോലെയാണെന്നും ആർജെഡി ട്വീറ്റ് ചെയ്തു. ദേശീയ ചിഹ്നത്തോടുള്ള അവഹേളനമാണ് പുതിയ സ്തംഭമെന്ന് തൃണമൂൽ രാജ്യസഭാ വക്താവും പ്രസാർ ഭാരതിയുടെ മുൻ സിഇഒയുമായ ജവഹർ സിർകാർ ട്വീറ്റ് ചെയ്തു.
Post Your Comments