തിരുവനന്തപുരം: തമിഴ്നാട് കുളച്ചലിൽ യുവാവിന്റെ മൃതദേഹം കടലിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ആഴിമലയിൽ കിരൺ എന്ന യുവാവിനെ കാണാതായിരുന്നു. കണ്ടെത്തിയ മൃതദേഹം ഇയാളുടേതാണോ എന്ന സംശയമുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്കും സ്ഥരീകരണങ്ങൾക്കുമായി വിഴിഞ്ഞം പോലീസ് സ്ഥലത്തേക്ക് തിരിച്ചു. കടലിനു സമീപം അവസാനിക്കുന്ന റോഡിലൂടെ കിരൺ വേഗത്തിൽ ഓടുന്ന സിസിടിവി ദൃശ്യം പൊലീസ് കണ്ടെടുത്തിരുന്നു.
ആഴിമല ക്ഷേത്രത്തിലേക്കു തിരിയുന്നതിനു തൊട്ടു മുൻപത്തെ കോൺക്രീറ്റ് റോഡിലൂടെ ഓടുന്ന യുവാവിന്റെ സിസിടിവി ദൃശ്യമാണ് പൊലീസിനു ലഭിച്ചത്. പ്രദേശത്തെ സ്വകാര്യ റിസോർട്ടിന്റെ ക്യാമറകളിലൊന്നിലെ ദൃശ്യമാണിത്. യുവാവിനെ ആരെങ്കിലും പിൻതുടർന്നിരുന്നുവോ എന്നതിൽ വ്യക്തത ഇല്ല. ഈ റോഡ് കടലിനു സമീപത്തായി അവസാനിക്കുകയാണ്.
ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാനെത്തിയ യുവാവും ഒപ്പമുണ്ടായിരുന്ന ബന്ധുക്കളായ രണ്ടു സുഹൃത്തുക്കളും ആക്രമിക്കപ്പെട്ടുവെന്നും യുവാവിനെ പിന്നീടു കടലിൽ വീണു കാണാതായെന്നുമാണ് വിവരം. അതേസമയം, കിരണിനെ ആക്രമിച്ചെന്ന് ആരോപിക്കപ്പെടുന്ന പെൺകുട്ടിയുടെ സഹോദരൻ ഉൾപ്പെടെയുള്ളവർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കു വേണ്ടിയും പൊലീസ് തിരച്ചിൽ തുടരുന്നു. പെൺകുട്ടിയിൽ നിന്നുൾപ്പെടെ പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
പെൺകുട്ടിയെ വീടിനു സമീപം കണ്ടു മടങ്ങുന്നതിനിടെ അവരുടെ സഹോദരനും ബന്ധുക്കളും ഉൾപ്പെടെ മൂന്നംഗ സംഘം വാഹനങ്ങളിലെത്തി തടഞ്ഞു നിർത്തി മർദ്ദിച്ചുവെന്നാണ് ഒപ്പമുണ്ടായിരുന്നവർ പൊലീസിനോട് പറഞ്ഞത്. പൊലീസ് എത്തുമെന്നു പറഞ്ഞു കിരണിനെ ബൈക്കിലും തങ്ങളെ കാറിലും കയറ്റിക്കൊണ്ടു പോയി. ഇടയ്ക്കു വച്ച് കിരണിനെ കാണാതായെന്നു പറഞ്ഞ് അവർ തങ്ങളോടു വീട്ടിലേക്കു മടങ്ങാൻ ആവശ്യപ്പെട്ടെന്നാണ് ഒപ്പമുണ്ടായിരുന്നവർ പൊലീസിനോടു പറഞ്ഞത്. രാത്രിയായിട്ടും കിരൺ മടങ്ങി എത്താതിരുന്നതോടെയാണ് വീട്ടുകാർ പരാതിപ്പെട്ടത്.
Post Your Comments