തിരുവനന്തപുരം: വ്യവസായങ്ങൾ ആരംഭിക്കുന്നതിന് സംസ്ഥാനത്ത് ഏറ്റവും അനുകൂല സാഹചര്യമാണുള്ളതെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിച്ചുള്ള വ്യവസായ നിക്ഷേപം ആകർഷിക്കലാണ് കേരളം സ്വീകരിക്കുന്ന നയമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി നിയമസഭാ സാമാജികർക്കായി സംഘടിപ്പിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ വികസിത രാഷ്ട്രങ്ങളിലെ, പ്രത്യേകിച്ചു മധ്യവരുമാന രാഷ്ട്രങ്ങളിലെ, ജീവിതനിലവാരത്തിന്റെ തോതിലേക്ക് ഉയരാൻ കേരളത്തിന് കഴിയണമെന്നു മുഖ്യമന്ത്രി പറഞ്ഞു. കൂട്ടായി ശ്രമിച്ചാൽ ഇതു സാധിക്കും. ഓരോ മേഖലയും കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളണമെന്നതാണ് ഈ ലക്ഷ്യപ്രാപ്തിക്ക് ഏറ്റവും പ്രധാനം. പൊതുമേഖലാ സ്ഥാപനങ്ങൾ സർക്കാർ പ്രവർത്തിക്കേണ്ട മേഖലയല്ലെന്നും അതിൽ നിന്ന് പിൻവലിയണമെന്നും ആസ്തികൾ വിറ്റു കാശാക്കി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്നുമുള്ള ചിന്താഗതി രാജ്യത്ത് വലിയ തോതിൽ വളരുകയാണ്. ഇക്കാര്യത്തിൽ കേരളം ബദലാകുകയാണ്.
പൊതുമേഖല സംരക്ഷിക്കുകയും ഒപ്പം വ്യാവസായിക വികസനത്തിന് ആവശ്യമായ വലിയ തോതിലുള്ള സ്വകാര്യ നിക്ഷേപം ആകർഷിക്കുകയും ചെയ്യുകയെന്നതാണു കേരളത്തിന്റെ നിലപാട്. സംസ്ഥാനത്തിന് അനുയോജ്യമായതും പരിസ്ഥിതിക്കു കോട്ടം തട്ടാത്തതുമായ വ്യവസായങ്ങൾ മാത്രമേ സ്വീകരിക്കൂ. അവയെ മാത്രമേ പ്രോത്സാഹിപ്പിക്കൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ വ്യവസായ മേഖലയിൽ നിലനിന്നിരുന്ന അനാരോഗ്യ പ്രവണതകൾ പൂർണ്ണമായി ഇല്ലാതാക്കാൻ കഴിഞ്ഞെന്നു മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും വ്യവസായം ആരംഭിക്കാൻ ആരെങ്കിലും മുന്നോട്ടുവന്നാൽ അവർ നാടിനു പറ്റാത്തവരാണെന്ന സമീപനം സ്വീകരിക്കുന്ന മനോഭാവം ഇല്ലാതാക്കാൻ കഴിഞ്ഞു. ഉദ്യോഗസ്ഥതലത്തിലെ കാലതാമസവും ഒഴിവാക്കി. സമയബന്ധിതമായി തീരുമാനങ്ങളെടുക്കണം. വ്യവസായങ്ങൾ ആരംഭിക്കുമ്പോൾ സ്ഥാപനത്തിന്റെ നിർമ്മാണ ഘട്ടത്തിൽത്തന്നെ തങ്ങളുടെ ഇത്ര ആളുകൾക്ക് ജോലി വേണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. ഇതും പൂർണമായി ഇല്ലാതായി. നോക്കുകൂലിയുടെ കാര്യത്തിലും നല്ല രീതിയിലുള്ള മാറ്റമുണ്ടാക്കാൻ കഴിഞ്ഞു.
Post Your Comments