തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ, അഗതി മന്ദിരങ്ങൾ, അനാഥാലയങ്ങൾ, കന്യാസ്ത്രി മഠങ്ങൾ തുടങ്ങി അംഗീകാരമുള്ള വെൽഫെയർ സ്ഥാപനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ തുടർന്നും അനുവദിക്കുമെന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ അറിയിച്ചു. പി.എസ് സുപാൽ എം.എൽ.എ അവതിരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വെൽഫെയർ സ്‌കീം പ്രകാരമുള്ള ഭക്ഷ്യ ധാന്യങ്ങൾ കേന്ദ്രത്തിൽ നിന്നും അനുവദിക്കുന്നതുവരെ ടൈഡ് ഓവർ വിഹിതമായി സംസ്ഥാനത്തിന് ലഭിക്കുന്ന ഭക്ഷ്യ ധാന്യങ്ങളിൽ നിന്നും ഇത്തരം സ്ഥാപനങ്ങൾക്ക് കഴിഞ്ഞ നാൾ വരെ നൽകിയിരുന്ന തോതിൽ ഈ മാസം മുതൽ ഭക്ഷ്യ ധാന്യങ്ങൾ നൽകും. ടൈഡ് ഓവർ വിഹിതമായി കേന്ദ്ര സർക്കാർ അനുവദിച്ചു വന്നിരുന്ന ഗോതമ്പ് നിർത്തലാക്കിയ സാഹചര്യത്തിൽ പകരമായി അരി നൽകും.
സംസ്ഥാനത്ത് അംഗീകാരമുള്ള ക്ഷേമ സ്ഥാപനങ്ങൾക്കാണ് കേന്ദ്ര സർക്കാരിന്റെ ദർപ്പൺ എന്ന സോഫ്റ്റ്‌വയർ വഴി വെൽഫെയർ പെർമ്മിറ്റ് അനുവദിച്ചിരുന്നത്. 2018-2019 സാമ്പത്തിക വർഷത്തിലെ ആദ്യ അലോട്ട്‌മെന്റിന് ശേഷം നാളിതു വരെ ഈ സ്‌കീമിൽ ഭക്ഷ്യ ധാന്യങ്ങൾ കേന്ദ്രം അനുവദിച്ചിട്ടില്ല.
ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികളുടെ പട്ടിണി മാറ്റുന്നതിനായി സംസ്ഥാന സർക്കാർ ഈ കാലയളവിൽ 2837.885 മെ.ടൺ അരിയും 736.027 മെ.ടൺ ഗോതമ്പും വിതരണം നടത്തിയിട്ടുണ്ട്. ഇതിലൂടെ സംസ്ഥാനത്തിന് 1.65 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Post Your Comments