Latest NewsKeralaNews

മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യാൻ കൃത്യമായ മാനദണ്ഡങ്ങൾ: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ആശുപത്രിയിലെത്തുന്ന രോഗികളെ മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യാൻ കൃത്യമായ റഫറൽ മാനദണ്ഡങ്ങൾ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓരോ ആശുപത്രിയിലുമെത്തുന്ന രോഗികൾക്ക് സമയബന്ധിതമായി വിദഗ്ധ ചികിത്സ ഉറപ്പാക്കണം. ആശുപത്രിയിലെ സൗകര്യങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമാകണം. റഫർ ചെയ്യുമ്പോൾ കൃത്യമായ കാരണം ഉണ്ടായിരിക്കണം. എന്തിന് റഫർ ചെയ്യുന്നു എന്ന് വ്യക്തമാക്കണം. ചികിത്സാ സൗകര്യങ്ങളും രോഗിയുടെ അവസ്ഥയും പരിഗണിച്ച് മാത്രമേ റഫർ അനുവദിക്കുകയുള്ളൂ. ഓരോ ആശുപത്രിയിലും റഫറൽ രജിസ്റ്റർ ഉണ്ടായിരിക്കും. നൽകിയ ചികിത്സയും റഫർ ചെയ്യാനുള്ള കാരണവും അതിൽ വ്യക്തമാക്കിയിരിക്കണം. മാസത്തിലൊരിക്കൽ ആശുപത്രിതലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഇത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് മന്ത്രി നിർദ്ദേശം നൽകിയത്.

Read Also: നോർത്ത് ഫീൽഡ് ഈസ്റ്റ് എണ്ണപ്പാട വിപുലീകരണം: പദ്ധതിയിൽ 5 രാജ്യാന്തര കമ്പനികൾക്ക് പങ്കാളിത്തം

ഒരു രോഗിയെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്താൽ അക്കാര്യം മെഡിക്കൽ കോളേജിന്റെ കൺട്രോൾ റൂമിൽ അറിയിച്ചിരിക്കണം. ഐസിയു വെന്റിലേറ്റർ സൗകര്യങ്ങൾ ഉറപ്പാക്കി വേണം റഫർ ചെയ്യേണ്ടത്. ഇതിലൂടെ മെഡിക്കൽ കോളേജിലും കാലതാമസമില്ലാതെ ചികിത്സ ലഭ്യമാകുന്നു. നിലവിൽ താലൂക്ക് ആശുപത്രികൾ മുതൽ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാണ്. മാത്രമല്ല തെരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും മുതൽ ഇ-സഞ്ജീനവനി ഡോക്ടർ ടു ഡോക്ടർ സംവിധാനം വഴി സെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമാണ്. ഈ സൗകര്യങ്ങൾ ഉപയോഗിക്കാതെ അനാവശ്യമായി രോഗികളെ മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യുന്നതിലൂടെ രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. മാത്രമല്ല അതീവ വിദഗ്ധ പരിചരണം ആവശ്യമുള്ളതും അല്ലാത്തതുമായ രോഗികൾ അധികമായി എത്തുമ്പോൾ മെഡിക്കൽ കോളേജുകളുടെ താളം തെറ്റും. ഇങ്ങനെ റഫറൽ സംവിധാനം ശക്തമാക്കുന്നതോടെ രോഗികൾക്ക് കാലതാമസം കൂടാതെ തൊട്ടടുത്ത് വിദഗ്ധ ചികിത്സ ലഭ്യമാക്കാനാവും. ഇതോടൊപ്പം മെഡിക്കൽ കോളേജുകളിലെത്തുന്ന വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളെ സമയബന്ധിതമായി നന്നായി പരിചരിക്കാനും കഴിയും. മാത്രമല്ല മെഡിക്കൽ കോളേജുകൾക്ക് ഗവേഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കാനും കഴിയുന്നതാണെന്ന് മന്ത്രി അറിയിച്ചു.

ഇതോടൊപ്പം ബാക്ക് റഫറൽ സംവിധാനവും ശക്തിപ്പെടുത്തും. മെഡിക്കൽ കോളേജിലെ വിദഗ്ധ ചികിത്സയ്ക്ക് ശേഷമുള്ള തുടർ ചികിത്സയ്ക്കായി രോഗിയുടെ വീടിന് തൊട്ടടുത്തുള്ള ആശുപത്രികളിൽ ബാക്ക് റഫർ ചെയ്യുന്നതാണ്. ഇതിലൂടെയും മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയ്ക്കാനും രോഗികളുടെ ബന്ധുക്കൾക്ക് അധികദൂരം യാത്ര ചെയ്യാതെ തുടർ ചികിത്സ ഉറപ്പാക്കാനും സാധിക്കുന്നു. ബാക്ക് റഫറലിന് വേണ്ടിയുള്ള കൃത്യമായ മാനദണ്ഡങ്ങൾ രൂപീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി.

Read Also: പക്ഷികളെ ചൂടിൽ നിന്ന് സംരക്ഷിക്കാൻ പുതിയ പദ്ധതി: പ്രഖ്യാപനം നടത്തി അബുദാബി മുൻസിപ്പാലിറ്റി

shortlink

Related Articles

Post Your Comments

Related Articles


Back to top button