കോഴിക്കോട്: സര്‍ക്കാര്‍ ഭൂമി ലുലു കണ്‍വെന്‍ഷന്‍ സെന്ററിന് കൈമാറ്റം ചെയ്തതിന്റെ രേഖകള്‍ പുറത്ത് വിട്ട് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍. ഭൂമി കൈമാറ്റം ചെയ്യാനുള്ള നടപടികള്‍ക്ക് അംഗീകാരം നല്‍കിയ മന്ത്രിസഭാ യോഗത്തിന്റെ നടപടിക്കുറിപ്പുകളും അദ്ദേഹം പുറത്ത് വിട്ടു. ലുലു മാളുമായി സര്‍ക്കാര്‍ ഭൂമി കൈമാറ്റം ചെയ്യാന്‍ എത്രയെളുപ്പം കഴിഞ്ഞുവെന്ന് വിമര്‍ശിച്ച സി ആര്‍ നീലകണ്ഠന്‍, ഇതിനെയാണ് പൊതു താത്പര്യം എന്ന് പറയുന്നതെന്നും പരിഹസിച്ചു.
കോഴിക്കോട് നഗരസഭാ പരിധിയിലുള്ള മാങ്കാവില്‍ വരാനിരിക്കുന്ന മാള്‍ ഉള്‍പ്പെടുന്ന ലുലു കണ്‍വെന്‍ഷന്‍ സെന്ററിനാണ് നഗരസഭയുടെ കീഴിലുള്ള ഭൂമി കൈമാറ്റം ചെയ്യാന്‍ തീരുമാനമായിരിക്കുന്നത്. 2018ലാണ് കോഴിക്കോട് ആയിരം കോടി രൂപ മുതല്‍ മുടക്കില്‍ ലുലു ഗ്രൂപ്പ് ഇന്‍ര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ കം ഷോപ്പിംഗ് മാള്‍ പ്രഖ്യാപിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ നിര്‍മ്മാണം ആരംഭിച്ച് രണ്ടേകാല്‍ വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നായിരുന്നു 2018 മെയില്‍ ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നത്.
അതേസമയം, ഈ വര്‍ഷം മെയ് 11നാണ് ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ ഡയറക്ടര്‍ ആവശ്യമുന്നയിച്ച് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയത്. ജൂണ്‍ 25ന് മന്ത്രിസഭയ്ക്കുള്ള കരട് കുറിപ്പ് ചീഫ് സെക്രട്ടറി അംഗീകരിക്കുകയും, 28ാം തീയതി റവന്യൂ മന്ത്രി കെ രാജന്‍ കരട് അംഗീകരിക്കുകയും, അന്ന് തന്നെ പകര്‍പ്പുകള്‍ സമര്‍പ്പിക്കുകയും ചെയ്തതായി സി ആര്‍ നീലകണ്ഠന്‍ പുറത്ത് വിട്ട രേഖകളില്‍ വ്യക്തമാവുന്നു. പിറ്റേന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ നിര്‍ദ്ദേശം അംഗീകരിച്ചതായും രേഖകളില്‍ പറയുന്നു. തൊഴില്‍ സാധ്യതയും ടൂറിസം ഉള്‍പ്പെടെ മേഖലകളിലെ പ്രയോജനങ്ങളും പരിഗണിച്ചാണ് നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുന്നതെന്നും മന്ത്രിസഭാ യോഗത്തിന്റെ നടപടിക്കുറിപ്പുകളില്‍ പറയുന്നു.
Post Your Comments