Latest NewsNewsIndia

കനത്ത മഴയ്ക്കിടെ ആകാശത്ത് നിന്നും താഴേക്ക് വീണത് തവളയും ഞണ്ടും, പ്രതിഭാസത്തിന് പിന്നിലെ കാരണം?

മത്സ്യ മഴയെ കുറിച്ചും, ആസിഡ് മഴയെ കുറിച്ചും ഒക്കെ ധാരാളം വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, ആകാശത്ത് നിന്നും മൃഗങ്ങൾ താഴേക്ക് വീണതായി കേട്ടിട്ടുണ്ടോ? അത്തരമൊരു സംഭവമാണ് തെലങ്കാനയില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായത്. പെരുമഴയത്ത് ആകാശത്തില്‍ നിന്ന് വീണത് തവളകള്‍, ഞണ്ടുകള്‍ എന്നിവയായിരുന്നു. ഒപ്പം മത്സ്യങ്ങളും ഉണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ജഗ്തിയാല്‍ പട്ടണത്തിലെ സായ് നഗറിലാണ് സംഭവം. വെള്ളിയാഴ്ചയും ശനിയാഴ്ചയും ആകാശത്ത് നിന്ന് ജലജീവികള്‍ ഭൂമിയിലേക്ക് പതിക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ ആളുകള്‍ ഭയന്നു. ശക്തമായ കാറ്റും ഈ സമയത്ത് ഉണ്ടായിരുന്നു. ഇത്തരം സംഭവങ്ങള്‍ നമ്മുടെ രാജ്യത്ത് കുറവാണെങ്കിലും, ലോകത്തിന്റെ പല ഭാഗത്തും ഇത് സംഭവിക്കാറുണ്ട്.

അപൂർവ്വ പ്രതിഭാസത്തിന്റെ വീഡിയോയും ചിത്രങ്ങളും പ്രചരിച്ചതോടെ ഇതിന്റെ കാരണമെന്താണെന്ന് പലരും അന്വേഷിച്ചു. അപൂർവ്വ കാലാവസ്ഥാ പ്രതിഭാസമാണത്രേ ഇതിന് കാരണം. ഞണ്ട്, ചെറിയ മത്സ്യങ്ങള്‍, തവളകള്‍ തുടങ്ങിയ ചെറിയ ജലജീവികളെ വാട്ടര്‍ സ്പൗട്ടുകള്‍ വലിച്ചെടുക്കുകയും, പിന്നീട് വാട്ടര്‍ സ്പൗട്ടിന് ശക്തി നഷ്ടപ്പെടുമ്പോള്‍, ജീവികള്‍ മഴയായി വര്‍ഷിക്കുകയും ചെയ്യുന്നതാണ് ഈ പ്രതിഭാസം. എ ഡി ഒന്നാം നൂറ്റാണ്ടില്‍ റോമന്‍ പ്രകൃതിശാസ്ത്രജ്ഞനായ പ്ലിനി ദി എല്‍ഡറാണ് ഈ സംഭവം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.

ചിറകുകളില്ലാത്ത, പറക്കാനാവാത്ത മൃഗങ്ങളാണ് ഇത്തരം പ്രതിഭാസത്തിന് ഇരകളാകുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ഉത്തര്‍പ്രദേശിലെ ബദോഹി ജില്ലയിൽ മത്സ്യങ്ങള്‍ മഴയായി പെയ്ത ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button