മുംബൈ: സീസണിൽ മോശം ഫോമിൽ തുടരുന്ന മുൻ നായകൻ വിരാട് കോഹ്‌ലിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം അജയ് ജഡേജ. ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടി20 മത്സരത്തിൽ ഫോമിലുള്ള ദീപക് ഹൂഡയെ ഒഴിവാക്കി കോഹ്‌ലിയെ അന്തിമ ഇലവനില്‍ കളിപ്പിച്ചതിനെതിരെ ചോദ്യം ചെയ്യുകയായിരുന്നു താരം. ഈ സാഹചര്യത്തില്‍ താനായിരുന്നു ടീമിനെ തെരഞ്ഞെടുക്കുന്നതെങ്കില്‍ കോഹ്‌ലിയെ അന്തിമ ഇലവനില്‍ കളിപ്പിക്കില്ലെന്ന് അജയ് ജഡേജ പറഞ്ഞു.
‘ആക്രമണോത്സുക ക്രിക്കറ്റ് കളിക്കുന്ന ഇന്ത്യന്‍ ടീമില്‍ കോഹ്‌ലിയെ ഉള്‍പ്പെടുത്താനാവില്ല. കാരണം, വിക്കറ്റ് പോയാലും അടിച്ചു കളിക്കുന്നതാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ശൈലി. അതുകൊണ്ടാണ് 180-200 റണ്‍സൊക്കെ ഇപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ വരുന്നത്. ഇന്ത്യന്‍ കളിക്കാരിലല്ല, സമീപനത്തിലാണ് വലിയ മാറ്റം വന്നിരിക്കുന്നത്. രോഹിത് ശര്‍മയാണ് അതിനെ മുന്നില്‍ നിന്ന് നയിക്കുന്നത്’.
‘രാജ്യാന്തര സെഞ്ചുറികളില്ലാത്തതിന്‍റെ പേരിലല്ല കോഹ്ലിയെ ടി20 ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് പറയുന്നത്. ഇന്ത്യന്‍ ടീമിന്‍റെ പുതിയ ബാറ്റിംഗ് സമീപനം കോഹ്ലിയുടെ ശൈലിയോട് യോജിക്കാത്തതുകൊണ്ടാണ്. ഞാനായിരുന്നു കോഹ്ലിയുടെ സ്ഥാനത്തെങ്കില്‍ ഒരുപക്ഷെ ടെസ്റ്റിലും കളിക്കില്ലായിരുന്നു. കഴിഞ്ഞ എട്ടോ പത്തോ കളിയെടുത്താല്‍ കോഹ്ലി സെഞ്ചുറിയൊന്നും നേടിയിട്ടില്ലെന്ന് നമുക്കറിയാം. പക്ഷെ ആ കാരണം കൊണ്ട് മാത്രം കോഹ്ലിയെ ഒഴിവാക്കാനാവില്ല’.
Read Also:- ദിവസവും ഇലക്കറികൾ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
‘പക്ഷെ പുതിയ ബാറ്റിംഗ് സമീപനത്തില്‍ കോഹ്ലിയെ കളിപ്പിക്കണോ എന്നത് ഇന്ത്യന്‍ ടീം മാനേജ്മെന്‍റാണ് തീരുമാനിക്കേണ്ടത്. ബാറ്റിംഗ് ഓര്‍ഡറില്‍ നിലയുറപ്പിച്ചശേഷം ആക്രമിക്കുന്ന പഴയശൈലി വേണോ, ആദ്യ പന്തു മുതല്‍ ആക്രമിക്കുന്ന പുതിയ ശൈലി വേണോ എന്നതാണ് ചോദ്യം. ഏത് വേണമെന്ന് ടീം മാനേജ്മെന്‍റാണ് തീരുമാക്കേണ്ടത്. ഞാനായിരുന്നെങ്കില്‍ എന്തായാലും കോഹ്ലിയെ ഒഴിവാക്കും’ ജഡേജ പറഞ്ഞു.
Post Your Comments