തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം കത്തിച്ചിട്ട് നാല് വർഷമാകുന്നു. ഇതുവരെ കേസിലെ പ്രതിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. തീകത്തിച്ചത് പെട്രോളൊഴിച്ച് എന്നതിനപ്പുറം മറ്റ് തെളിവുകളൊന്നും ലഭിക്കാത്തതിനെ തുടർന്ന് പോലീസ് കേസ് അന്വേഷണം അവസാനിപ്പിക്കുകയാണ്. അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നൽകുമെന്ന ക്രൈംബ്രാഞ്ചിന്റെ തീരുമാനത്തിൽ പ്രതികരിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. കേസ് തനിക്കെതിരെ തിരിക്കാൻ ശ്രമം നടന്നുവെന്നും, താൻ സ്വയം തന്റെ ആശ്രമം കത്തിച്ചതാണെന്ന് വരുത്താനാണ് ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും സ്വാമി പറയുന്നു.
അന്വേഷണം അവസാനിപ്പിക്കുന്നത് ഖേദകരമാണെന്ന് പറഞ്ഞ സന്ദീപാനന്ദഗിരി, പൊലീസ് തെളിവ് നശിപ്പിച്ചെന്നും ആരോപിച്ചു. കേസ് തനിക്കെതിരെ തിരിക്കാനാണ് ചില ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും, തന്റെ ആശ്രമം താൻ തന്നെ കത്തിച്ചതാണെന്ന് വരുത്തി തീർക്കാൻ ശ്രമം ഉണ്ടായെന്നും സന്ദീപാനന്ദ ഗിരി പറയുന്നു.
Also Read:തുളസി വെള്ളം പതിവായി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
2018 ഒക്ടോബര്‍ 27നാണു സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിനു നേരെ ആക്രമണമുണ്ടാവുന്നത്. ആക്രമണത്തിൽ ആശ്രമത്തിൽ ഉണ്ടായിരുന്ന രണ്ട് കാറും ഒരു ബൈക്കും കത്തി നശിച്ചു. ആശ്രമത്തിന്റെ പോർച്ചും കത്തി. ആശ്രമത്തിന് മുന്നിൽ റീത്തും വെച്ചിരുന്നു. ശബരിമല വിവാദത്തിനിടെയായിരുന്നു ആക്രമണമുണ്ടായത്. ശബരിമല സത്രീപ്രവേശന വിഷയത്തിലടക്കം സംഘപരിവാറിന്റെയും തന്ത്രി കുടുംബത്തിന്റെയും നിലപാടുകളെ വിമര്‍ശിച്ചതിന് തനിക്ക് നേരെ ആക്രമണ ഭീഷണി ഉണ്ടായിരുന്നുവെന്ന് സ്വാമി അന്ന് പൊലീസിന് മൊഴി നൽകിയിരുന്നു.
സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്ഥലത്ത് സന്ദർശനം നടത്തി. ആശ്രമത്തിലെ സിസിടിവി കേടായതിനാൽ സംഭവത്തിന് പിന്നിലാരാണെന്ന് വ്യക്തമായില്ല. ആശ്രമത്തിന്‍റെ ആറ് കിലോമീറ്റർ പരിധിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സന്ദീപാനന്ദഗിരിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയവരെ ചോദ്യം ചെയ്യുകയും ചെയ്തെങ്കിലും ഫലം ഉണ്ടായില്ല. റീത്ത് വാങ്ങിയ കടയോ പെട്രോൾ വാങ്ങിയ പമ്പോ കണ്ടെത്താനുമായില്ല. കേസ് പ്രത്യേക സംഘത്തെ ഏൽപ്പിച്ചിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല. അന്വേഷണത്തിൽ വ്യക്തമായ തെളിവൊന്നും ലഭിച്ചില്ലെന്നതാണ് ക്രൈംബ്രാഞ്ച് നൽകുന്ന വിശദീകരണം.
Post Your Comments