മുംബൈ: സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നൂപുർ ശർമ്മയുടെ പ്രവാചകനെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ മലേഷ്യയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ള ഹാക്കർമാർ ഇന്ത്യക്കെതിരെ സൈബർ യുദ്ധം നടത്തിയതായി റിപ്പോർട്ട്. അഹമ്മദാബാദ് പോലീസിന്റെ ക്രൈംബ്രാഞ്ച് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയ്‌ക്കെതിരെ സൈബർ ആക്രമണം നടത്താൻ ലോകമെമ്പാടുമുള്ള മുസ്‌ലിം ഹാക്കർമാരോട് ഇവർ അഭ്യർത്ഥിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
‘നൂപുർ ശർമ്മയുടെ വിവാദ പരാമർശത്തിന് ശേഷം, ഈ രണ്ട് ഹാക്കർ ഗ്രൂപ്പുകളും ഇന്ത്യയ്ക്കും ഇന്ത്യൻ ജനതയ്ക്കും എതിരെ സൈബർ യുദ്ധം ആരംഭിക്കാൻ ലോകമെമ്പാടുമുള്ള മുസ്ലീം ഹാക്കർമാരോട് ആവശ്യപ്പെട്ടിരുന്നു. സൈബർ യുദ്ധം ആരംഭിക്കാൻ ഇവർ ഹാക്കർ ഗ്രൂപ്പുകൾക്കിടയിൽ ആഹ്വാനം ചെയ്തതിന്റെ വീഡിയോയും സ്‌ക്രീൻ ഷോട്ടുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു’, പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഹാക്കർ ഗ്രൂപ്പായ ഡ്രാഗൺ ഫോഴ്‌സ് മലേഷ്യയും ഹാക്ക്‌റ്റിവിസ്റ്റ് ഇന്തോനേഷ്യയും ഇന്ത്യയ്‌ക്കെതിരെ സൈബർ ആക്രമണങ്ങൾ ആരംഭിക്കുകയായിരുന്നു. സൈബർ ക്രൈംബ്രാഞ്ചുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു ഇന്റേൺ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുൾപ്പെടെയുള്ള ഒരു വിദഗ്ധ സംഘം ഈ രണ്ട് ഗ്രൂപ്പുകളുമായും ബന്ധപ്പെട്ട ഹാക്കർമാരെ വിജയകരമായി തിരിച്ചറിയുകയായിരുന്നു.
ശർമ്മയുടെ വിലാസം ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ പോലും സൈബർ കുറ്റവാളികൾ ഓൺലൈനിൽ പ്രചരിപ്പിച്ചു. നിരവധി പേരുടെ ആധാർ കാർഡ്, പാൻ കാർഡ് വിവരങ്ങളും ഓൺലൈനിൽ ചോർന്നിട്ടുണ്ട്. സർക്കാർ വകുപ്പുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഉൾപ്പെടെ 2000-ലധികം ഇന്ത്യൻ വെബ്‌സൈറ്റുകൾ അവർ ഹാക്ക് ചെയ്യുകയും രഹസ്യ വിവരങ്ങൾ ചോർത്തുകയും ചെയ്തു.
‘ഈ ഹാക്കർമാർക്കെതിരെയുള്ള തുടർ നിയമനടപടികൾക്കായി ഇന്റർപോളുമായി ഹാക്കർമാരുടെ ഐ.പി വിലാസം പോലുള്ള വിശദാംശങ്ങൾ പോലീസ് ശേഖരിച്ചു. സർക്കാർ ഫയലുകൾ, ഏതാനും പേരുടെ ആധാർ കാർഡുകൾ, പാൻ കാർഡ്, ചില പൗരന്മാരുടെ പാസ്‌പോർട്ട് വിവരങ്ങൾ, ഐഡി കാർഡുകൾ, ആന്ധ്രാപ്രദേശിലെ ചില പോലീസുകാരുടെ സ്വകാര്യ വിവരങ്ങൾ തുടങ്ങിയ രഹസ്യവിവരങ്ങളാണ് ഹാക്കർമാർ ചോർത്തിയത്’, സൈബർ ക്രൈം ബ്രാഞ്ച് പറഞ്ഞു.
ഇന്ത്യയ്‌ക്കെതിരെ സൈബർ ആക്രമണം നടത്താൻ ലോകമെമ്പാടുമുള്ള മുസ്‌ലിം ഹാക്കർമാരോട് ഇവർ അഭ്യർത്ഥിക്കുകയായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. അഹമ്മദാബാദിലെ സൈബർ ക്രൈം ടീം ഉദ്യോഗസ്ഥർ മലേഷ്യൻ, ഇന്തോനേഷ്യൻ സർക്കാരുകൾക്കും ഇന്റർപോളിനും ഈ ഹാക്കർ ഗ്രൂപ്പുകൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് അയച്ചു.
താനെ പോലീസ്, ആന്ധ്രാപ്രദേശ് പോലീസ്, അസമിലെ ഒരു വാർത്താ ചാനല് എന്നിവയുൾപ്പെടെ രണ്ടായിരത്തിലധികം വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടു. അസം ആസ്ഥാനമായുള്ള ഒരു വാർത്താ ചാനലും ജൂൺ 9 ന് ഹാക്ക് ചെയ്യുകയും ലൈവ് ടിവിയിൽ പാകിസ്ഥാന്റെ പതാക പ്രദർശിപ്പിക്കുകയും ചെയ്തു. ടി.വി ചാനലിന്റെ തത്സമയ സംപ്രേക്ഷണത്തിനിടയിൽ, പെട്ടന്ന് സ്‌ക്രീൻ മുഴുവൻ കറുത്ത നിറം പ്രത്യക്ഷപ്പെട്ടു. ശേഷം പാകിസ്ഥാന്റെ പതാക പ്രത്യക്ഷപ്പെട്ടു. അതിന് മുകളിലായി ‘ഹാക്ക് ബൈ ടീം റെവല്യൂഷൻ പി.കെ’ എന്നെഴുതിയിരുന്നു. താഴെ, ‘റസ്‌പെക്ട് ദി ഹോളി പ്രവാചകൻ’ എന്നും കാണപ്പെട്ടു.
Post Your Comments