തിരുവനന്തപുരം: സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ സി.പി.എമ്മിന്റെ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിഞ്ഞ്, നിലപാട് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. സജി ചെറിയാന്റെ രാജി സ്വാഗതാർഹമാണെന്നും എന്നാൽ, പ്രസംഗത്തെ തള്ളാത്തത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാൻ എം.എൽ.എ സ്ഥാനവും രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് സതീശൻ കൂട്ടിച്ചേർത്തു.
‘ഭരണഘടനയെ അവഹേളിച്ചും ഭരണഘടനാ ശിൽപികളെ അപകീര്‍ത്തിപ്പെടുത്തിയും നടത്തിയ മല്ലപ്പള്ളി പ്രസംഗത്തെ, സജി ചെറിയാൻ തള്ളിപ്പറഞ്ഞിട്ടില്ലെന്നത് അദ്ഭുതപ്പെടുത്തുന്നു. പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. പ്രസംഗത്തിലെ വാചകങ്ങൾ കേരളം മുഴുവൻ കേട്ടതാണ്. എന്നിട്ടും താൻ പറഞ്ഞതിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നു. മുഖ്യമന്ത്രിയോ പാർട്ടിയോ രാജി ആവശ്യപ്പെട്ടിട്ടില്ല. ഇതിനർത്ഥം സജി ചെറിയാൻ ഭരണഘടനെ വിമർശിച്ച് നടത്തിയ പ്രസംഗത്തെ പാർട്ടി അംഗീകരിക്കുന്നുവെന്നാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും സി.പി.എം ദേശീയ, സംസ്ഥാന നേതൃത്വങ്ങളും നിലപാട് വ്യക്തമാക്കണം,’ സതീശൻ പറഞ്ഞു.
ജനാധിപത്യം, മതേതരത്വം എന്നീ ആശയങ്ങൾ ഭരണഘടനയിൽ ഉള്‍പ്പെടുത്തിയതിനെതിരെ സംഘപരിവാറിനും ആർ.എസ്.എസ് നേതാക്കളും പറഞ്ഞ അതേ കാര്യമാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ മന്ത്രിയും ആവർത്തിച്ചതെന്ന് സതീശൻ പറഞ്ഞു. ഉത്തരമില്ലാത്തപ്പോഴുള്ള സ്ഥിരം ആയുധമായ മൗനമാണ് മുഖ്യമന്ത്രി ഇപ്പോഴും പ്രയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments