ഡൽഹി: നൂപുർ ശർമ വിവാദം, ഉദയ്പൂർ ശിരഛേദം, ആൾട്ട് വാർത്താ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരായ കേസ് തുടങ്ങിയ വിവാദ വിഷയങ്ങൾ പ്രതിപക്ഷം മുതലെടുപ്പിനായി ഉപയോഗിക്കുകയാണെന്ന് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി. പ്രാദേശിക പിന്തുണയിലൂടെ മാത്രമേ തീവ്രവാദത്തിന് രാജ്യത്ത് വേരൂന്നാൻ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.
‘മുൻപ് മോദിയെ ആക്ഷേപിച്ചിരുന്ന പ്രതിപക്ഷം, കർണാടകയിലെ ഹിജാബ് വിഷയത്തിൽ രാജ്യത്തെ ആക്ഷേപിക്കുന്ന തരത്തിലാണ് പ്രതികരിച്ചത്. ഇത് ആസൂത്രിതമായ ഗൂഢാലോചനയായിരുന്നു. പാകിസ്ഥാൻ, അൽ-ഖ്വയ്ദ, താലിബാൻ എന്നിവരുടെ പെരുമാറ്റമായിരുന്നു പ്രതിപക്ഷത്തിന്റേത്. മഹത്തായ പഴയ കോൺഗ്രസ് പാർട്ടിയിലെ രണ്ട് പ്രമുഖ നേതാക്കൾ അതിനെ പിന്തുണച്ചതിൽ ഞാൻ നിരാശനാണ്. പ്രാദേശിക പിന്തുണയിലൂടെ മാത്രമേ തീവ്രവാദത്തിന് രാജ്യത്ത് വേരൂന്നാൻ കഴിയൂ’, നഖ്‌വി പറഞ്ഞു.
സംസ്ഥാനത്ത് ഭരണഘടനാപരമായ അരാജകത്വമുണ്ട്: മുഖ്യമന്ത്രി ഭരണഘടനാ ലംഘനം നടത്തിയെന്ന് ഗവർണർ
‘ഞങ്ങൾ വ്യത്യസ്ത അഭിപ്രായങ്ങൾക്ക് എതിരല്ല. എന്നാൽ, പ്രതിപക്ഷത്തിന്റെ പ്രതികരണം ഭീകരതയാണെങ്കിൽ അത് അംഗീകരിക്കാനാവില്ല. അവർ എന്താണ് ഉദയ്പൂരിൽ ചെയ്തത്? അവർ ഒരാളുടെ തലയറുത്തു. നിരപരാധികളെ കൊല്ലുന്നത് ഭീകരവാദമാണ്,’ നഖ്‌വി വ്യക്തമാക്കി.
അതേസമയം, ബി.ജെ.പിയുടെ മുന്‍ വക്താവ് നൂപുര്‍ ശര്‍മയുടെ വിവാദ പ്രസ്താവനയെയും മുഖ്താര്‍ അബ്ബാസ് നഖ്വി തള്ളിപ്പറഞ്ഞു. നൂപുര്‍ ശര്‍മ പറഞ്ഞതിനെ ന്യായീകരിക്കാനാവില്ലെന്നും എന്നാല്‍, അതിന്റെ പേരിൽ ആളുകളുടെ തലവെട്ടുന്നത് തീവ്രവാദമാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു ഇസ്ലാമിക രാജ്യമല്ലെന്നും മതേതര രാജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments