കോലഞ്ചേരി: പട്ടിമറ്റത്ത് ഇരുപതോളം തെരുവ് നായ്ക്കളെ കാണാതായ സംഭവത്തിൽ അന്വേഷണം തുടങ്ങിയതോടെ തെളിവുകൾ അപ്രത്യക്ഷമായെന്ന് നാട്ടുകാർ. അനിമൽ ലീഗൽഫോഴ്സ് നൽകിയ പരാതിയിലാണ് അന്വേഷണം. തെരുവുകളിലും ഹോട്ടലുകളിലും നിന്ന് ഉപേക്ഷിക്കുന്ന ഭക്ഷണം കഴിച്ച് വഴിയോരങ്ങളിൽ ജീവിക്കുന്ന നായ്ക്കളെയാണ് കാണാതായത്.
ജില്ലയിലെ ചില മേഖലകളിൽ ആട്ടിറച്ചിയെന്ന പേരിൽ പട്ടിയിറച്ചി വിൽക്കുന്നുവെന്ന ആരോപണം നേരത്തെ നിലനിൽക്കെയാണ് സംഭവം. മേഖലയിലെ ഏതാനും പ്ളൈവുഡ് കമ്പനികളിലടക്കം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നെത്തി ജോലി ചെയ്യുന്നവരുണ്ട്. ഇവിടങ്ങളിലുള്ളവരുടെ ഇഷ്ടവിഭവമാണ് പട്ടിയിറച്ചി. ഇവരാണ് കൃത്യത്തിന് പിന്നിലെന്നും സംശയമുണ്ട്.
പട്ടികളെ പിടിക്കാനായി വെച്ചിരുന്ന കുടുക്കുകൾ മാധ്യമങ്ങളിൽ വാർത്തകൾ വന്നതിന് പിന്നാലെ അപ്രത്യക്ഷമായെന്നാണ് നാട്ടുകാർ പറയുന്നത്. നായകളെ കാണാതായതോടെ മൃഗസ്നേഹി സംഘടന അനിമൽ ലീഗൽ ഫോഴ്സ് പ്രദേശത്ത് അന്വേഷണം നടത്തി. അന്വേഷണത്തിൽ കോട്ടായിൽ കുടുംബക്ഷേത്രത്തിന് പിന്നിലെ റബ്ബർ തോട്ടത്തിൽനിന്ന് മെയിന്റോഡിലേക്ക് കടക്കുന്ന നടപ്പുവഴിയിൽ പ്ലാസ്റ്റിക് കയർ കൊണ്ടുണ്ടാക്കിയ നിരവധി കുടുക്കുകൾ കണ്ടെത്തിയിട്ടുണ്ട്. നായകളെ കൊല്ലാനായി നിർമ്മിച്ചതാണ് ഇവയെന്നാണ് സംശയം. സംഭവത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തിയിട്ടില്ല.
കഴിഞ്ഞദിവസം രാത്രിയിൽ കുടുക്കിൽ വീണ നായ മരണവെപ്രാളത്തോടെ പിടയുന്നത് കണ്ട സമീപത്തെ നിർമ്മാണം നടക്കുന്ന ഹോട്ടലിൽ നിന്നുള്ള ജീവനക്കാർ എത്തിയാണ് രക്ഷിച്ചത്. തുടർന്ന് ഇവർ നടത്തിയ പരിശോധനയിലാണ് സമീപത്ത് നിരവധി കുരുക്കുകൾ കണ്ടെത്തിയത്. അർദ്ധരാത്രിയിൽ റബർ തോട്ടത്തിൽ ഹെഡ് ലൈറ്റുമായി ചിലർ കറങ്ങിനടന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കുന്നത്തുനാട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
Post Your Comments