കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെ ട്വിറ്ററിൽ അൺഫോളോ ചെയ്ത് പാർലമെന്റ് അംഗമായ മഹുവ മൊയ്ത്ര. കാളി ദേവിയെ കുറിച്ച് മഹുവ നടത്തിയ പ്രസ്താവനയെ പാർട്ടി തള്ളിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മഹുവ ടി.എം.സിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ അൺഫോളോ ചെയ്തത്. മൊയ്ത്ര ഇപ്പോൾ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ മാത്രമാണ് പിന്തുടരുന്നത്. കാളി മാംസം കഴിക്കുകയും മദ്യം സേവിക്കുകയും ചെയ്യുന്ന ദൈവമാണ് എന്നായിരുന്നു എം.പി പറഞ്ഞത്.
നിങ്ങൾക്ക് നിങ്ങളുടെ ദൈവത്തെ സങ്കൽപ്പിക്കാനുള്ള അവകാശമുണ്ട്. ചിലയിടങ്ങളിൽ ദൈവത്തിന് വിസ്കി വഴിപാടായി നൽകുന്നു, ചിലയിടത്ത് അത് നിഷിദ്ധമാകുന്നു എന്നും എം.പി പറഞ്ഞിരുന്നു. സിക്കിമിൽ ഇത് സർവസാധാരണമാണ് എന്നും അവർ ചൂണ്ടിക്കാട്ടി. ഇന്ത്യാ ടുഡേ കോൺക്ലേവ് ഈസ്റ്റ് 2022-ൽ സംസാരിക്കവെയാണ് കാളി ദേവി സിഗരറ്റ് വലിക്കുന്നതായി കാണിക്കുന്ന സിനിമാ പോസ്റ്ററിനെ കുറിച്ച് മഹുവ പറഞ്ഞത്. ഇത് വിവാദമാവുകയായിരുന്നു.
Also Read:എകെജി സെന്ററിന് നേരെ എറിഞ്ഞത് ഏറുപടക്കമാവാമെന്ന് ഫോറന്‍സിക് വിഭാഗത്തിന്റെ പ്രാഥമിക നിഗമനം
‘ഇന്ത്യാ ടുഡേ കോൺക്ലേവിൽ മഹുവ മൊയ്ത്ര കാളീദേവിയെ കുറിച്ച് ഉയർത്തിയ പരാമർശങ്ങൾ തികച്ചും അവരുടെ വ്യക്തിപരമായ കാഴ്ചപ്പാടാണ്. ഈ അഭിപ്രായത്തിന് തൃണമൂൽ കോൺഗ്രസുമായി യാതൊരു രീതിയിലുള്ള ബന്ധവുമില്ല. പാർട്ടി അത്തരം പരാമർശങ്ങളെ രൂക്ഷമായി എതിർക്കുന്നു.’- ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി.
സംവിധായിക ലീന മണിമേഖല ‘കാളി’ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. കാളി ദേവിയുടെ വേഷം ധരിച്ച ഒരു സ്ത്രീയെയാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. അവൾ സിഗരറ്റ് വലിക്കുന്നത് ഫോട്ടോയിൽ കാണാം. ത്രിശൂലത്തിനും അരിവാളിനുമൊപ്പം, കയ്യിൽ LGBTQ+ കമ്മ്യൂണിറ്റിയുടെ പതാകയും കാണാം.
Post Your Comments