ഡൽഹി: സംവിധായിക ലീന മണിമേഖലയുടെ ‘കാളി’ ഡോക്യുമെന്‍ററിയുടെ വിവാദ പോസ്റ്ററിനെ പിന്തുണച്ച തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ബി.ജെ.പി നേതാവ് ജിതിൻ ചാറ്റർജി കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് മഹുവയ്‌ക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ഇപ്പോൾ ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മഹുവ മൊയ്ത്ര. തനിക്ക് ഒന്നിനെയും ഭയമില്ലെന്നും ബി.ജെ.പിയുടെ അറിവില്ലായ്മയിൽ അദ്ഭുതപ്പെടുന്നില്ലെന്നും മഹുവ ട്വിറ്റിറിൽ പറഞ്ഞു. ‘നിങ്ങളുടെ പൊലീസിനെയും അറിവില്ലാത്ത അനുയായികളെയും ഗുണ്ടകളെയും ട്രോളുകളെയും ഞാൻ ഭയക്കുന്നില്ല. സത്യത്തിന് ആരുടെയും പിന്തുണയുടെ ആവശ്യമില്ല,’ മഹുവ മൊയ്ത്ര ട്വിറ്ററിൽ വ്യക്തമാക്കി.
സംവിധായിക ലീന മണിമേഖലയുടെ ‘കാളി’ ഡോക്യുമെന്‍ററിയുടെ പോസ്റ്റർ വിവാദമായിരുന്നു. ഈ വിഷയത്തിൽ പ്രതികരിച്ച് മഹുവ മൊയ്ത്ര നടത്തിയ പ്രസ്താവന രൂക്ഷമായ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
‘തന്നെ സംബന്ധിച്ച് മദ്യവും മാംസവും കഴിക്കുന്ന ദൈവമാണ് കാളി. ഹിന്ദുത്വത്തിൽ നിന്ന് കൊണ്ട് തന്നെ അത്തരത്തിൽ സങ്കൽപിക്കാൻ തനിക്ക് സ്വാതന്ത്ര്യമുണ്ട്. നിങ്ങളുടെ ദൈവം എങ്ങനെയാണെന്ന് സങ്കൽപ്പിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. ചില സ്ഥലങ്ങളിൽ വിസ്കി ഉൾപ്പടെയുള്ളവ ദൈവങ്ങൾക്ക് അർപ്പിക്കാറുണ്ട്. എന്നാൽ, മറ്റ് സ്ഥലങ്ങളിൽ ഇത് ദൈവനിന്ദയാണ്’, എന്നായിരുന്നു മഹുവ മൊയ്ത്രയുടെ വിവാദ പ്രസ്താവന.
Post Your Comments