ജനുവരി മുതൽ ജൂൺ വരെയുള്ള 6 മാസക്കാലയളവിൽ റിലീസായത് 70 ഓളം മലയാള സിനിമകളാണ്. ഇതിൽ നിരവധി ചിത്രങ്ങൾ പ്രേക്ഷക പ്രീതി നേടിയെങ്കിലും കാശുവാരിയത് വെറും 7 സിനിമകൾ ആണ്. തിയേറ്ററുകളിൽ കൂടുതൽ ദിവസം ഓടി, ഓളം സൃഷ്ടിച്ചത് വെറും 7 സിനിമകളെന്ന് റിപ്പോർട്ട്. ബാക്കിയുള്ള ചിത്രങ്ങളിൽ ചിലത് വന്നതും പോയതും പെട്ടന്ന്, ചിലത് റിലീസ് ആയത് പോലും ആരുമറിഞ്ഞില്ല. അന്യഭാഷാ ചിത്രങ്ങൾക്ക് കിട്ടുന്ന വരവേൽപ്പ് പോലും മലയാള ചിത്രങ്ങൾക്ക് ലഭിക്കാത്തതിന്റെ കാരണമെന്താകും?
പുഷ്പ, ആർ.ആർ.ആർ, കെ.ജി.എഫ് 2, ബീസ്റ്റ്, വിക്രം തുടങ്ങി അന്യഭാഷാ ബിഗ് ബജറ്റ് സിനിമകള്‍ കേരളത്തിൽനിന്നു കാശു വാരുമ്പോള്‍ മലയാള സിനിമ കാണാന്‍ ആരുമില്ല. ചെറിയ ബജറ്റിലുള്ള ചിത്രങ്ങൾ തൊട്ട് കൊട്ടിഘോഷിക്കപ്പെട്ട ബിഗ് ബജറ്റ് ചിത്രങ്ങളെ പോലും മലയാളി പ്രേക്ഷകർ കൈവിട്ട കാഴ്ചയാണ് ഈ വർഷമാദ്യം കാണാനായത്. മുടക്കുമുതല്‍ പോലും തിരിച്ചുപിടിക്കാന്‍ കഴിയാതെ സിനിമകൾ തിയേറ്ററിൽ നിലംപൊത്തുമ്പോള്‍ നിര്‍മാതാക്കളും തിയറ്ററുടമകളും പ്രതിസന്ധിയിലാക്കുന്നു.
ഏഴ് മലയാള ചിത്രങ്ങളാണ് ഇതുവരെ ബോക്സ് ഓഫീസിൽ പ്രകമ്പനം കൊള്ളിച്ചിരിക്കുന്നത്. അതിൽ സൂപ്പർതാര ചിത്രവുമുണ്ട്, അല്ലാത്തവയുമുണ്ട്. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കിയ ഭീഷ്മപർവ്വമാണ് തിയേറ്ററിൽ ഇത്തവണ ആൾക്കാരെ നിറച്ച പടം. 100
കോടിയിലധികമാണ് ചിത്രം നേടിയത്. ആദ്യ ദിനം മുതൽ മമ്മൂട്ടിയുടെ മൈക്കിളപ്പനെ പ്രേക്ഷകർ ഏറ്റെടുത്തു. ‘ചാമ്പിക്കോ…’ വീഡിയോ അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു.
വിനീത് ശ്രീനിവാസൻ – പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ‘ഹൃദയം’ ലിസ്റ്റിൽ രണ്ടാമതാണ്. പ്രണവ് മോഹൻലാൽ–കല്യാണി പ്രിയദർശൻ ജോടികളുടെ സ്ക്രീൻ കെമിസ്ട്രി യുവാക്കൾ ഏറ്റെടുത്തു. ദർശന – പ്രണവ് ഒന്നിച്ച ‘ദർശനാ…’ എന്ന് തുടങ്ങുന്ന ഗാനവും ശ്രദ്ധേയമായിരുന്നു. കോടി ഹൃദയങ്ങൾ കീഴടക്കി ഹൃദയം തിയേറ്ററിലെ കുതിപ്പ് തുടർന്നു. വൻ കളക്ഷൻ തന്നെയാണ് ചിത്രം സ്വന്തമാക്കിയത്. നിർമ്മാതാവിന് ഈ വർഷം ലാഭമുണ്ടാക്കിക്കൊടുത്ത ചിത്രം തന്നെയാണ് ഹൃദയം.
ഇക്കൂട്ടത്തിൽ രണ്ട് കൊച്ചുചിത്രങ്ങൾ കൂടെയുണ്ട്. സൂപ്പർ ശരണ്യയും ജോ ആൻഡ് ജോയും. വമ്പൻ താരനിര ഇല്ലാത്ത, യുവതാരങ്ങളായ നെസ്ലൻ, മാത്യു, നിഖിൽ വിമൽ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ജോ ആൻഡ് ജോ കാണാൻ തിയേറ്ററിൽ വൻ ജനത്തിരക്കായിരുന്നു. അർജുൻ ഡി.ജോസിന്റെ ‘ജോ ആൻഡ് ജോ’യെ പ്രേക്ഷകർ സ്വീകരിച്ചത് പ്രതീക്ഷയ്ക്ക് അപ്പുറമായിരുന്നു. ചിത്രത്തിന്റെ വിജയം പ്രേക്ഷകരും ആഘോഷിച്ചു.
സൂപ്പർ ശരണ്യയെന്ന ചെറിയ ‘വലിയ’ ചിത്രം ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചത് യുവ പ്രേക്ഷകരുടെയും കുടുംബ പ്രേക്ഷകരുടെയും പിന്തുണയിൽ ആണ്. എ.ഡി.ഗിരീഷ് സംവിധാനം ചെയ്ത ചിത്രത്തിൽ അനശ്വര രാജൻ, മമിത, നെസ്ലൻ, അർജുൻ അശോകൻ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. പൃഥ്വിരാജ് – സുരാജ് വെഞ്ഞാറമൂട് നേർക്കുനേർ നിന്ന ‘ജന ഗണ മന’യും തിയേറ്ററിൽ വിജയം കൈവരിച്ചു. തിയേറ്ററിൽ ആളെക്കൂട്ടാൻ സംവിധായകൻ ഡിജോ ജോസ് ആന്റണിക്ക് സാധിച്ചു.
ക്രൈം ത്രില്ലർ – കുറ്റാന്വേഷണ ഗണത്തിൽപ്പെട്ട ‘ട്വന്റി വൺ ഗ്രാംസ്’ തിയറ്ററുകളിൽ പ്രേക്ഷകരെ പിടിച്ചിരുത്തി. നിർമ്മാതാവിന് ലാഭം നേടിക്കൊടുക്കാൻ ചിത്രത്തിന് സാധിച്ചു എന്നാണ് റിപ്പോർട്ട്. കെ.മധു – എസ്.എൻ.സ്വാമി – മമ്മൂട്ടി ടീമിന്റെ അഞ്ചാം വരവ് വെറുതെയായില്ല. ചിത്രത്തിന് സമ്മിശ്ര പ്രതികരണം ലഭിച്ചെങ്കിലും സാമ്പത്തികമായി ഹിറ്റ് അടിക്കാൻ കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. നവ്യ നായരുടെ രണ്ടാം വരവ് ബോക്സ് ഓഫീസിൽ കൈയ്യൊപ്പ് പതിപ്പിച്ചായിരുന്നു. വി.കെ. പ്രകാശ് ഒരുക്കിയ ‘ഒരുത്തീ’, ഇന്ദ്രൻസ് പ്രധാന കഥാപാത്രമായ ‘ഉടൽ’ എന്നീ ചിത്രങ്ങളും നിർമ്മാതാക്കൾക്ക് ലാഭം നേടിക്കൊടുത്തവയാണ്.
തിയറ്ററുകളിൽ വമ്പൻ ഹിറ്റായില്ലെങ്കിലും മുടക്കിയ കാശ് നഷ്ടമാക്കാത്ത ചിത്രങ്ങൾ വേറെയുമുണ്ട്. എന്നാൽ, ഭൂരിപക്ഷം ചിത്രങ്ങളും തിയേറ്ററിൽ ആളനക്കം ഉണ്ടാക്കിയില്ലെന്നതാണ് വസ്തുത. കെ.ജി.എഫ് പോലെയുള്ള ചിത്രങ്ങൾ കേരളത്തിൽ നിന്ന് വാരിയത് കോടികൾ ആണ്. അപ്പോൾ, പ്രശ്നം മലയാളി പ്രേക്ഷകർക്കോ കണ്ടന്റിനോ? പ്രത്യേകിച്ച് ആകർഷണം ഒന്നും തോന്നാത്ത ചിത്രം, അത് മലയാളമായാലും അന്യ ഭാഷാ ചിത്രം ആയാലും, തിയേറ്ററിൽ വന്ന് കാണാൻ ആളുകൾക്ക് മടിയായി തുടങ്ങി. ഒ.ടി.ടിയുടെ വരവ് സിനിമാസ്വാദനത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നതിന്റെ തെളിവാണിത്.
യൂത്തിന് വേണ്ടി ഒരുക്കുന്ന, അവരുടെ ആസ്വാദനത്തെ സംതൃപ്തിപ്പെടുത്തുന്ന സിനിമകളാണ് ഇപ്പോൾ തിയേറ്ററുകൾ പ്രകമ്പനം കൊള്ളിക്കുന്നത്. അതിനുദാഹരണമാണ് ഭീഷ്മപർവ്വം. മാസ് ആക്ഷൻ ചിത്രങ്ങളുടെ കുറവും തിയേറ്ററുകളിലേക്ക് ആളുകളെ അടുപ്പിക്കാതെ നിർത്തുന്നു. 35 വയസിന് താഴെ ഉള്ളവരെ രോമാഞ്ചം കൊള്ളിക്കുന്ന, സന്തോഷിപ്പിക്കുന്ന, സംതൃപ്തി നൽകുന്ന, ഇഷ്ടപ്പെടുത്തുന്ന ചിത്രങ്ങൾക്കാണ് തിയേറ്ററുകൾ ആയുസുള്ളൂ എനാവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിരിക്കുയാണ്. സിനിമ എത്രത്തോളം പ്രേക്ഷകരോട് അടുത്ത് നിൽക്കുന്നുവോ അത്രയും അടുത്ത് അവർ സിനിമയെയും സ്വീകരിക്കുമെന്നാണ് പൊതുഅഭിപ്രായം.
Post Your Comments