തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രി സജി ചെറിയാൻ ഭരണഘടനയേയും ഭരണഘടന ശിൽപ്പികളേയും അവഹേളിച്ചു. വിഷയം മാറ്റാൻ ഭരണഘടനയെ തെരഞ്ഞെടുത്തതും ഭരണഘടനാ ശിൽപ്പികളെ അവഹേളിച്ചതും ക്രൂരമായിപ്പോയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സത്യപ്രതിജ്ഞ ലംഘനമാണ് മന്ത്രി നടത്തിയത്. ഒരു ദിവസം പോലും മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും അദ്ദേഹം ഉടൻ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഈ വിഷയം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. മന്ത്രി രാജിവെച്ചില്ലെങ്കിൽ പ്രതിപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് എഴുതിവെച്ചിരിക്കുന്നത് ജനങ്ങളെ കൊള്ളയടിക്കാനും ചൂഷണം ചെയ്യാനും പറ്റിയ ഭരണഘടനയാണെന്നായിരുന്നു സജി ചെറിയാന്റെ പരാമർശം. പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന സി.പി.എം പരിപാടിയിലായിരുന്നു സജി ചെറിയാന്റെ വിവാദ പരാമർശം.
ഭരണഘടനയിൽ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നത്. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ല. ബ്രിട്ടീഷുകാർ പറഞ്ഞുകൊടുത്തത് അതേപടി എഴുതിവെക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Post Your Comments