Latest NewsKeralaNews

രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി പൊലീസ് : ഇക്കാര്യങ്ങള്‍ രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം

രക്ഷിതാക്കളുമായി പിണങ്ങി കുട്ടികള്‍ വീടുവിട്ടിറങ്ങുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതായി കേരള പൊലീസ്

തിരുവനന്തപുരം: രക്ഷിതാക്കളുമായി പിണങ്ങി കുട്ടികള്‍ വീടുവിട്ടിറങ്ങുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതായി കേരള പൊലീസ്. ഇത്തരം പ്രശ്നങ്ങള്‍ വളരെ ഗുരുതരമാണെന്നും, രക്ഷിതാക്കള്‍ തന്നെ ഇക്കാര്യത്തില്‍ വളരെ ശ്രദ്ധ ചെലുത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

Read Also: വിജയ് ബാബുവിന്റെ മാസ് എന്‍ട്രി: കടുത്ത അതൃപ്തി അറിയിച്ച്‌ മോഹന്‍ലാല്‍

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം..

‘ഡോക്ടറെ കണ്ട് മരുന്നു വാങ്ങുന്നതിനായി പോയ അമ്മയുടെ കണ്‍വെട്ടത്തുതന്നെയായിരുന്നു മകള്‍. അല്‍പം കഴിഞ്ഞപ്പോള്‍ മകളെ കാണാനില്ല. വരിയില്‍ നിന്നിരുന്ന അമ്മ അടുത്തുള്ളവരോട് പറഞ്ഞ് പരിസരങ്ങളില്‍ തിരഞ്ഞെങ്കിലും മകളെ കണ്ടില്ല. ചെറിയ പിണക്കത്തിലായിരുന്നതിനാല്‍ വേറെ എങ്ങോട്ടെങ്കിലും പോകുമോ എന്ന് ഭയത്തില്‍ ഉടന്‍ തന്നെ അവിടെ നിന്നവരുടെ സഹായത്തോടെ വിവരം പോലീസിനെ അറിയിച്ചു’.

‘ചേര്‍പ്പ് സ്വദേശികളായ അമ്മയും മകളും ചികിത്സക്കായാണ് കാലത്ത് തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയത്. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകളും അമ്മയും തമ്മില്‍ വീട്ടിലെ ചെറിയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സൗന്ദര്യപിണക്കത്തിലായിരുന്നു. ആശുപത്രിയില്‍ അമ്മയുടെ സമീപത്ത് നിന്നും അല്‍പം വിട്ടുമാറിയാണ് മകള്‍ ഇരുന്നിരുന്നത്. ഇത്തരം പിണക്കങ്ങള്‍ പതിവായതിനാല്‍ അമ്മ അത് കാര്യമാക്കിയില്ല’.

‘കുട്ടിയെ കാണാതായ വിവരം കിട്ടിയ ഉടന്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്നും കണ്‍ട്രോള്‍ റൂമിലേക്ക് വിവരം കൈമാറുകയും കണ്‍ട്രോള്‍ റൂമില്‍ നിന്നും നിമിഷങ്ങള്‍ക്കുളളില്‍ എല്ലാ വയര്‍ലസ്സ് സെറ്റുകളിലും അറിയിക്കുകയും ചെയ്തു. ഈ സമയം ദിവാന്‍ജിമൂലയില്‍ തിരക്കിട്ട ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു സിവില്‍ പോലീസ് ഓഫീസര്‍ റജികുമാര്‍. വാഹനങ്ങള്‍ നിയന്ത്രിച്ചു വിടുന്നതിനിടയില്‍ വയര്‍ലസ്സിലൂടെ കേട്ട സന്ദേശം പ്രകാരമുള്ള വസ്ത്രം ധരിച്ച് ഒരു പെണ്‍കുട്ടി ട്രാന്‍സ് പോര്‍ട്ട് ബസ് സ്റ്റാന്റ് വഴിയിലൂടെ പോകുന്നത് റജി കുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടു.

മെസേജില്‍ പറഞ്ഞപ്രകാരം, കാണാതായ കുട്ടിയുമായി സാമ്യം തോന്നിയതിനാല്‍ റെജി ഓടിയെത്തി.

‘മോളെങ്ങോട്ടാ ?’ –

‘അത്…’ – കുട്ടി മറുപടി പറയാന്‍ ബുദ്ധിമുട്ടി.

പെണ്‍കുട്ടി ഒടുവില്‍ പേര് വിവരങ്ങള്‍ പറഞ്ഞു. അറിയിച്ച വിവരങ്ങളും കുട്ടിയില്‍ നിന്നറിഞ്ഞ വിവരങ്ങളും ഒന്നുതന്നെ എന്ന് മനസ്സിലായതോടെ റെജി വയര്‍ലസ്സ് സെറ്റിലൂടെ കണ്‍ട്രോള്‍ റൂമിലേക്ക് വിവരം അറിയിച്ചു’.

‘എങ്ങോട്ടെങ്കിലും പോകണം എന്ന തീരുമാനത്തില്‍ ബസ് സ്റ്റാന്‍ഡിലേക്ക് ബസ് കയറുവാനായി പോകുകയായിരുന്നു എന്നാണ് കുട്ടി പറഞ്ഞത്. ദിവസങ്ങളായി എങ്ങോട്ടെങ്കിലും പോകണം എന്ന ചിന്തയിലായിരുന്നു. അമ്മയോടൊപ്പം ആശുപത്രിയിലെത്തിയപ്പോള്‍ ഒരവസരം തരപ്പെട്ടു’.

കണ്‍ട്രോള്‍റൂമിലെ വാഹനവും, കൂടെ അമ്മയും സ്ഥലത്തെത്തി കുട്ടിയെ തിരികെ കൊണ്ടുപോയി.

‘അമ്മയ്ക്കും മകള്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയും, രണ്ടുപേര്‍ക്കും കൗണ്‍സിലിങ്ങ് നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പാടാക്കിയുമാണ് പോലീസുദ്യോഗസ്ഥര്‍ അവരെ വീട്ടിലേക്ക് തിരിച്ചയച്ചത്’.

രക്ഷിതാക്കളുമായി പിണങ്ങി കുട്ടികള്‍ വീടുവിട്ടിറങ്ങി പല അപകടങ്ങളില്‍ ചെന്ന് ചാടുന്നതുമായ വാര്‍ത്തകള്‍ നിരവധിയാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ രക്ഷിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.

1. കുട്ടികളോട് സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ ഒരിക്കലും പിശുക്ക് കാണിക്കാതിരിക്കുക.

2. കുട്ടികളുടെ നല്ല സുഹൃത്തായിരിക്കുക. അവരുമായി ചെലവഴിക്കാന്‍ ദിവസവും അല്‍പ സമയം കണ്ടെത്തുക.

3. രക്ഷിതാക്കള്‍ അവരവരുടെ ദു;സ്വഭാവങ്ങള്‍ സ്വയം കണ്ടെത്തി ഒഴിവാക്കുക.

4. കുട്ടികളുടെ കഴിവുകളെയും നല്ലകാര്യങ്ങളേയും അഭിനന്ദിക്കുക.

5. അവരോട് എപ്പോഴും വഴക്കുപറയാതെയും വിമര്‍ശിക്കാതെയും ക്ഷമയിലൂടെ അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുക.

6. അവര്‍ക്ക് ആവശ്യത്തിനുള്ള സ്വാതന്ത്ര്യം നല്‍കാന്‍ ശ്രദ്ധിക്കുക.

7. അവര്‍ക്കും മാനസിക സമര്‍ദ്ദമുണ്ടാകാം എന്നകാര്യം ഓര്‍ത്തിരിക്കുക.

8. എളിമയും മര്യാദയും ബഹുമാനവും രക്ഷിതാക്കളില്‍ നിന്നാണ് അവര്‍ പഠിക്കുന്നതെന്ന കാര്യം മനസ്സിലാക്കുക.

9 . മക്കള്‍ക്ക് രക്ഷിതാക്കള്‍ മാതൃകയാകുക’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button