തിരുവനന്തപുരം: ഭരണഘടനയെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാനോട് വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി. ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്നും, ഭരണകൂടത്തെയാണ് വിമർശിച്ചതെന്നുമാണ് മന്ത്രി സജി ചെറിയാൻ മുഖ്യമന്ത്രിക്ക് വിശദീകരണം നൽകിയത്. പ്രസംഗവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങൾക്ക് മറുപടി നൽകാൻ മന്ത്രി ഇന്ന് മാദ്ധ്യമങ്ങളെ കാണും.
ജനങ്ങളെ കൊളളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടനയെന്നതായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. ബ്രിട്ടീഷുകാർ പറഞ്ഞു കൊടുത്തത് എഴുതി വെച്ചിരിക്കുകയാണെന്നുമാണ് ചെറിയാന്‍ പറഞ്ഞത്. തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത കോടതികളാണ് ഇന്ത്യയിൽ ഉള്ളതെന്നും സജി ചെറിയാൻ പ്രസംഗത്തിൽ പറയുന്നു. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ ഒരു പരാമർശമുണ്ടായത് ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് വിമർശനം.
പരാമർശം വിവാദമായതോടെ മന്ത്രിയുടെ പ്രസംഗം മല്ലപ്പള്ളി സി.പി.എം ഏരിയാ കമ്മറ്റിയുടെ ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്തു.
Post Your Comments