Latest NewsKeralaIndia

തമിഴ്‌നാട്ടിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്തത് മലയാളിയായ ഷംന: അറസ്റ്റിലായതോടെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

പാലക്കാട്: പൊള്ളാച്ചിയിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പാലക്കാട് കൊടുവായൂർ സ്വദേശി ഷംനയെ അറസ്റ്റ് ചെയ്തു. സ്വന്തം കുഞ്ഞാണെന്ന് ഭർത്താവിനെ വിശ്വസിപ്പിക്കാനായിരുന്നു നീക്കം. ഭർതൃവീട്ടിലും സ്വന്തം നാട്ടിലും താൻ ഗർഭിണിയാണെന്നാണ് ഷംന പറഞ്ഞിരുന്നത്. ഏപ്രിൽ 22ന് പ്രസവിച്ചുവെന്നാണ് ഷംന വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഇവരുടെ ഭർത്താവ് മണികണ്ഠനും കുട്ടിയെ കണ്ടിട്ടില്ല.

കുഞ്ഞ് ഐസിയുവിലാണെന്നാണ് ഷംന വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.  കള്ളത്തരം പൊളിയാതിരിക്കാനാണ് കുഞ്ഞിനെ ഷംന തട്ടിക്കൊണ്ടുപോയതെന്നും പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്താനായത്. ഇന്നലെ പുലർച്ചെയാണ് പൊള്ളാച്ചി ഗവ: ആശുപത്രിയിൽ നിന്ന് നാല് ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും രണ്ട് സ്ത്രീകൾ കുഞ്ഞിനെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഉടൻ തന്നെ രണ്ട് ഡിഎസ്പിമാരുടെ ചുമതലയിൽ 12 പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം തുടങ്ങി. ആശാവർക്കറുടെ ഇടപെടലാണ് ഷംനയുടെ കള്ളത്തരം പൊളിക്കുന്നതിൽ നിർണായകമായത്.

പ്രസവിച്ച ശേഷമുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ആശാ വർക്കർ പലപ്പോഴും ഷംനയെ വിളിച്ചിരുന്നു. എന്നാൽ, പലപ്പോഴും പറഞ്ഞിരുന്ന കഥകളിൽ സംശയം തോന്നിയതോടെ ആശാ വർക്കർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ രണ്ട് മണിക്ക് ഷംന ഭർത്താവ് മണികണ്ഠൻ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button