വളാഞ്ചേരി: പച്ചക്കറി വണ്ടിയിൽ കടത്തിയ 71,50,000 രൂപയുടെ കുഴൽപ്പണം പൊലീസ് പിടികൂടി. തിങ്കളാഴ്ച പുലർച്ച മൂന്ന് മണിയോടെ ,കോയമ്പത്തൂരിൽ നിന്ന് കോട്ടക്കലിലേക്ക് പച്ചക്കറിയുമായി പോവുകയായിരുന്ന, മിനി ഗുഡ്സിൽ നിന്നാണ് കുഴൽപ്പണം കണ്ടെടുത്തത്. ജില്ല പൊലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. വാഹനത്തിന്റെ ഡാഷ് ബോർഡിനുള്ളിലും സീറ്റിനടിയിലുമായി ഏഴ് ബണ്ടിലുകളായാണ് പണം സൂക്ഷിച്ചിരുന്നത്. വാഹനം ഓടിച്ചിരുന്ന കൊപ്പം സ്വദേശി കല്ലിങ്ങൽ ഷംസുദ്ദീൻ (42), സഹായിയായ കൊപ്പം ഇടത്തോൾ അബ്ദുൽ ജബ്ബാർ (36 ) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പച്ചക്കറി വണ്ടിയിൽ നിന്നും പിടിച്ചെടുത്ത പണം കോടതിയിൽ ഹാജരാക്കി ആദായനികുതി വകുപ്പിനേയും എൻഫോഴ്സ്മെന്റിനേയും അറിയിക്കുമെന്ന് പൊലീസ് അറിയിച്ചു. എസ്.ഐ. നൗഷാദ്, സി.പി.ഒമാരായ റഷീദ്, ശൈലേഷ് എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
അതേസമയം, കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ വാഹന പരിശോധനക്കിടെ 10 കോടിയോളം രൂപയാണ് വളാഞ്ചേരി പൊലീസ് പിടിച്ചെടുത്തത്. കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിക്കുന്ന കോടികളുടെ സ്വർണ്ണമാണ് ദിവസേന അധികൃതർ പിടിച്ചെടുക്കുന്നത്. സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ പ്രവർത്തിക്കുന്ന അധോലോക മാഫിയകളിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്.
Post Your Comments