കോൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സ്വകാര്യ വസതിയിൽ അതിക്രമിച്ചു കയറി അജ്ഞാതൻ. ഞായറാഴ്ചയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ചാണ് ഇയാൾ മുഖ്യമന്ത്രിയുടെ വസതിക്കുള്ളിൽ കടന്നത്. ആരുമറിയാതെ ഇയാൾ വീട്ടിൽ ഒരു രാത്രി ചെലവഴിക്കുകയും ചെയ്തു. വീടിന്റെ മതിൽ ചാടിക്കടന്ന് ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ഇയാൾ അകത്ത് കടന്നതെന്ന് പോലീസ് പറഞ്ഞു.
വീടിനുള്ളിലെ ഒരുമൂലയിൽ ഇരുന്നാണ് രാത്രി ചെലവഴിച്ചത്. പിറ്റേന്നു രാവിലെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കണ്ടത്. ഇവർ ഉടൻ തന്നെ കാളിഘട്ട് പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. രാത്രി ഒരു മണിയോടെയാണ് ഇയാൾ മുഖ്യമന്ത്രിയുടെ വസതിക്കുള്ളിൽ എത്തിയതെന്നും പോലീസ് പറഞ്ഞു.
എന്നാൽ, മുഖ്യമന്ത്രിയുടെ വസതിക്കു കാവൽ നിൽക്കുന്ന നിരവധി സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടാതെ ഇയാൾ എങ്ങനെ അകത്തു കടന്നു എന്നത് വ്യക്തമല്ല. എന്തിനാണ് ഇയാൾ വീട്ടിൽ കയറിയതെന്ന് വ്യക്തമല്ലെന്നും മാനസിക വെല്ലുവിളി നേരിടുന്ന ആളാകാമെന്നും പോലീസ് കൂട്ടിച്ചേർത്തു. എന്തിനാണ് മുഖ്യമന്ത്രിയുടെ വസതിക്കുള്ളിൽ കയറിയത്, ആരുടെയെങ്കിലും നിർദ്ദേശ പ്രകാരമാണോ ഇത് ചെയ്തത് തുടങ്ങിയ കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.
Post Your Comments