അഴിക്കോട്: മത്സ്യബന്ധന ബോട്ടുകളിലെ എന്ജിന് മോഷണ കേസില്‍ രണ്ട് പേര് അറസ്റ്റില്‍.
മത്സ്യ തൊഴിലാളികളായ മതിലകം സ്വദേശികളാണ് അറസ്റ്റിലായത്.
പൊക്ലായി സ്വദേശികളായ പുന്നക്കത്തറയിൽ അരുണ്‍ (35), കൊട്ടെക്കാട്ട് വീട്ടിൽ സംഗീത് (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഈ വർഷം ഏപ്രിൽ മുതലാണ് പ്രതികൾ എൻജിനുകൾ മോഷ്ടിച്ചു വില്‍പ്പന നടത്താൻ തുടങ്ങിയത് എന്നാണ് പോലീസ് പറയുന്നത്. അഞ്ചു ബോട്ടുകളിലെ എൻജിനുകൾ ഇത്തരത്തിൽ മോഷ്ടിച്ചതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്.
നങ്കൂരമിട്ടു കിടക്കുന്ന ബോട്ടുകളിലേക്ക് വള്ളങ്ങളിൽ ചെന്ന് എൻജിനുകൾ കൈക്കലാക്കി തീരത്തെത്തി കാത്തുകിടക്കുന്ന വണ്ടിയിൽ കയറ്റി കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ കൊണ്ടുപോയി വില്‍പ്പന നടത്തുകയാണ് ഇവരുടെ പതിവ്. ഇത്തരത്തിൽ കിട്ടുന്ന തുക കൊണ്ട് ബോട്ട് സ്വന്തമായി വാങ്ങുന്നതിനാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്.
എൻജിനുകൾ നഷ്ടപ്പെട്ട ബോട്ടുകളുടെ ഉടമസ്ഥരുടെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരികയായിരുന്നു.
അഴീക്കോട് കടലോരജാഗ്രതാ സമിതിയും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചാണ് അന്വേഷണം നടത്തി വന്നിരുന്നത്.
Post Your Comments