അപകീർത്തി വീഡിയോ: ട്രൂ ടിവി യുട്യൂബ്‌ ചാനൽ എംഡി സൂരജ് പാലാക്കാരനെതിരെ ജാമ്യമില്ലാ കേസ്

കൊച്ചി: അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ ട്രൂ ടിവി യുട്യൂബ്‌ ചാനൽ എംഡി സൂരജ് പാലാക്കാരനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തു. ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ യുട്യൂബ് ചാനലിലൂടെ അസഭ്യം പറഞ്ഞ്‌ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്നതാണ് കേസ്.

എറണാകുളം സൗത്ത്‌ പൊലീസാണ്‌ പാലാ കടനാട്‌ സ്വദേശി സൂരജ്‌ പാലാക്കാരൻ എന്ന സൂരജ്‌ വി സുകുമാറിനെതിരെ കേസെടുത്തത്‌. ജൂൺ ഇരുപത്തൊന്നിനാണ്‌ സൂരജ് യുട്യൂബ്‌ ചാനലിൽ യുവതിക്കെതിരെ പരാമർശങ്ങളുള്ള വീഡിയോ അപ്‌ലോഡ്‌ ചെയ്‌തത്‌. നാലുലക്ഷത്തിലധികംപേർ വീഡിയോ കണ്ടിരുന്നു. ക്രൈം നന്ദകുമാറിനെതിരെ കെട്ടിച്ചമച്ച കേസാണ്‌ പൊലീസ്‌ രജിസ്‌റ്റർ ചെയ്‌തതെന്നും വീഡിയോയിൽ ആരോപിച്ചു.

ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം നന്ദകുമാറിനെ എറണാകുളം നോർത്ത് പൊലീസ് ജൂൺ 17ന്‌ അറസ്റ്റ്‌ ചെയ്‌തതിനുപിന്നാലെയാണ് ഇദ്ദേഹം യുവതിക്കെതിരെ രംഗത്തെത്തിയത്. അതേസമയം നന്ദകുമാർ റിമാൻഡിലാണ്‌. യുവതി എറണാകുളം സൗത്ത്‌ പൊലീസിന്‌ നൽകിയ പരാതിയിലാണ്‌ കേസ്‌.

ഒളിവിലുള്ള ഇയാൾക്കായി പൊലീസ്‌ അന്വേഷണം ആരംഭിച്ചു. സൂരജിനെ അന്വേഷിച്ച്‌ പൊലീസ്‌ പാലായിലെ വീട്ടിൽ എത്തിയെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താനായില്ല. പട്ടികജാതി–-വർഗ പീഡന അതിക്രമ നിരോധനനിയമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ്‌ കേസെടുത്തതെന്ന്‌ സൗത്ത്‌ എസിപി പി രാജ്‌കുമാർ പറഞ്ഞു.

Share
Leave a Comment