അമരാവതി: ഉദയ്പൂരിൽ തയ്യൽക്കാരൻ കനയ്യലാൽ കഴുത്തറുത്ത് കൊല്ലപ്പെടുന്നതിന് കൃത്യം ഒരാഴ്ച മുമ്പ്, ജൂൺ 21 ന് മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ 54 കാരനായ മെഡിക്കൽ ഷോപ്പ് ഉടമ ഉമേഷ് പ്രഹ്ലാദറാവു കോൽഹെ കൊല്ലപ്പെട്ടിരുന്നു. പ്രവാചകനെക്കുറിച്ച് വിവാദ പരാമർശം നടത്തിയ നൂപുർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന്റെ പ്രതികാരമായാണ് കോൽഹെയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ കരുതുന്നത്.
ഉമേഷ് കോഹ്‌ലെയുടെ മകൻ സങ്കേത് കോഹ്‌ലെയുടെ പരാതിയെത്തുടർന്ന് അമരാവതിയിലെ സിറ്റി കോട്‌വാലി പോലീസ് സ്‌റ്റേഷൻ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ രണ്ടുപേരെ മുദ്ദ്‌സിർ അഹമ്മദ് (22), ഷാരൂഖ് പഠാൻ (25) ജൂൺ 23-ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ സംഭവത്തിൽ നാല് പേർക്ക് കൂടി പങ്കുണ്ടെന്ന് വ്യക്തമായി. പിന്നാലെ, അബ്ദുൾ തൗഫിക്, 24, ഷോയിബ് ഖാൻ, 22, അതിബ് റാഷിദ്, 22 എന്നിവരെ ജൂൺ 25 ന് അറസ്റ്റ് ചെയ്തു. നാലാമനായ ഷമീം അഹമ്മദ് ഫിറോസ് അഹമ്മദ് ഒളിവിലാണ്.
Also Read:കിട്ടുന്നതു മുഴുവൻ സംഭാവന നൽകി ഭാര്യ: കലികയറിയ ഭർത്താവ് പള്ളിയ്‌ക്ക് തീയിട്ടു
ജൂൺ 21 ന് രാത്രി 10 നും 10.30 നും ഇടയിൽ തന്റെ കട അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. മറ്റൊരു സ്കൂട്ടറിൽ മകൻ സങ്കേതും (27) ഭാര്യ വൈഷ്ണവിയും ഉണ്ടായിരുന്നു. സംഭവത്തെ കുറിച്ച് സങ്കേത് നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ: ‘ഞങ്ങൾ പ്രഭാത് ചൗക്കിൽ നിന്ന് നീങ്ങുകയായിരുന്നു, ഞങ്ങളുടെ സ്‌കൂട്ടറുകൾ മഹിളാ കോളേജ് ന്യൂ ഹൈസ്‌കൂളിന്റെ ഗേറ്റിന് മുന്നിൽ എത്തിയപ്പോഴാണ് സംഭവം. മോട്ടോർ സൈക്കിളിൽ രണ്ടുപേർ പെട്ടെന്ന് അച്ഛന്റെ സ്കൂട്ടറിനു മുന്നിൽ വട്ടം വെച്ചു. അവർ എന്റെ പിതാവിന്റെ ബൈക്ക് തടഞ്ഞുനിർത്തി, അവരിൽ ഒരാൾ കത്തികൊണ്ട് അദ്ദേഹത്തിന്റെ കഴുത്തിന്റെ ഇടതുവശത്ത് കുത്തുകയായിരുന്നു. അച്ഛൻ വീണു ചോര വാർന്നു. ഞാൻ സ്കൂട്ടർ നിർത്തി സഹായത്തിനായി നിലവിളിക്കാൻ തുടങ്ങി. ഇതിനിടെ മറ്റൊരാൾ വന്നു, മൂവരും മോട്ടോർ സൈക്കിളിൽ രക്ഷപ്പെട്ടു’.
ഇതിനിടെ ശബ്ദം കേട്ട് ആരൊക്കെയോ ഓടിയെത്തി. നാട്ടുകാരുടെ സഹായത്തോടെ കോൽഹെയെ അടുത്തുള്ള ആക്‌സൺ ഹോസ്പിറ്റലിൽ എത്തിച്ചു. എന്നാൽ, ചികിത്സയ്ക്കിടെ ഇദ്ദേഹം മരണപ്പെടുകയായിരുന്നു. ‘ഇതുവരെ അറസ്റ്റിലായ അഞ്ച് പ്രതികളും തങ്ങൾക്ക് കാറും ഓടിപ്പോകാൻ 10,000 രൂപയും മറ്റൊരാൾ നൽകിയതായി പറഞ്ഞിട്ടുണ്ട്’, അമരാവതി സിറ്റി പോലീസിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒളിവിലുള്ള പ്രതികളിലൊരാൾ മറ്റ് അഞ്ച് പേർക്ക് കൊലപാതകത്തിനായി പ്രത്യേക ചുമതലകൾ നൽകിയിരുന്നതായി ഉദ്യോഗസ്ഥൻ പറഞ്ഞു. മെഡിക്കൽ സ്റ്റോറിൽ നിന്ന് ഇറങ്ങുമ്പോൾ കോൽഹെയെ നിരീക്ഷിക്കാനും മറ്റ് മൂന്ന് പേർക്ക് മുന്നറിയിപ്പ് നൽകാനും അദ്ദേഹം അവരിൽ രണ്ടുപേരോട് ആവശ്യപ്പെട്ടിരുന്നു. മറ്റ് മൂന്ന് പേർ കോൽഹെയെ തടയുകയും ആക്രമിക്കുകയും ചെയ്തു.
Also Read:ആ താരത്തെ ഒഴിവാക്കിയത് അസംബന്ധം: ഇന്ത്യൻ ടീമിനെ രൂക്ഷമായി വിമർശിച്ച് മൈക്കൽ വോണ്‍
നൂപുർ ശർമ്മയെ പിന്തുണച്ച് കോൽഹെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് വാട്ട്‌സ്ആപ്പിൽ പ്രചരിപ്പിച്ചതായി അന്വേഷണത്തിൽ തങ്ങൾക്ക് മനസിലായതായി പോലീസ് പറയുന്നു. അബദ്ധവശാൽ, തന്റെ ഉപഭോക്താക്കൾ കൂടിയായ മുസ്ലീം അംഗങ്ങളുള്ള ഒരു ഗ്രൂപ്പിൽ അദ്ദേഹം സന്ദേശം പോസ്റ്റ് ചെയ്തു. ഇത് പ്രവാചകനെ അപമാനിക്കുന്നതാണെന്നും അതിനാൽ അദ്ദേഹം മരിക്കണമെന്നും അറസ്റ്റിലായ പ്രതികളിലൊരാൾ പറഞ്ഞതായി പോലീസ് പറയുന്നു. ഇന്ത്യൻ എക്സ്പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൊലപാതകം നടത്തിയ കത്തി, മൊബൈൽ ഫോണുകൾ, വാഹനം, വസ്ത്രങ്ങൾ എന്നിവ പോലീസ് പിടിച്ചെടുത്തു. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ‘ഞങ്ങൾ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ ഡിഎഫ്എസ്എല്ലിലേക്ക് അയച്ചിട്ടുണ്ട്. സാങ്കേതിക തെളിവുകളുടെ സൂക്ഷ്മപരിശോധന പുരോഗമിക്കുകയാണ്. അറസ്റ്റിലായ എല്ലാ പ്രതികളുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ ലഭിച്ചിട്ടുണ്ട്. സൂക്ഷ്മപരിശോധന പുരോഗമിക്കുകയാണ്’, പോലീസ് പറഞ്ഞു.
തന്റെ പിതാവിന്റെ കൊലപാതകം സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്നാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് സങ്കേത് പറഞ്ഞു. ‘എന്റെ അച്ഛൻ വളരെ സന്തോഷവാനായ വ്യക്തിയായിരുന്നു. അദ്ദേഹം ആരെക്കുറിച്ചും മോശമായി സംസാരിച്ചിട്ടില്ല, ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഞാൻ കേട്ടു. പക്ഷേ ഞാൻ ഇക്കാര്യം പരിശോധിച്ചെങ്കിലും ആക്ഷേപകരമായ ഒന്നും അദ്ദേഹത്തിന്റെ ഫേസ്‌ബുക്കിൽ നിന്നും കണ്ടെത്തിയില്ല. കൊലപാതകിയുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് പോലീസിന് മാത്രമേ പറയാനാകൂ. എനിക്കൊന്നുമറിയില്ല. പക്ഷേ, കവർച്ചയ്ക്ക് വേണ്ടിയല്ല കൊലപ്പെടുത്തിയതെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും’, സങ്കേത് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Post Your Comments