മാഞ്ചസ്റ്റർ: ഇന്ത്യയ്ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് ടീം നായകന് ബെന്‍ സ്റ്റോക്സ് ഏകദിന ടീമില്‍ തിരിച്ചെത്തി. ജോസ് ബട്ലറാണ് ഏകദിന, ടി20 ടീമുകളുടെ നായകന്. എന്നാൽ, ടി20 ടീമില്‍ സ്റ്റോക്സിന് ഇടംനേടാനായില്ല. ബര്‍മിംഗ്ഹാം ടെസ്റ്റിനുശേഷം ജൂലൈ ഏഴിനാണ് ടി20 പരമ്പര തുടങ്ങുക.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനുശേഷം സ്റ്റോക്സ് ഇംഗ്ലണ്ടിനായി ടി20 ക്രിക്കറ്റ് കളിച്ചിട്ടില്ല. ടി20 ടീമില്‍ അംഗമായ ആദില്‍ റഷീദിനെ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം, ബര്‍മിംഗ്ഹാം ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. 98-5ലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ റിഷഭ് പന്തിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജയുടെ അര്‍ധ സെഞ്ചുറിയുടെയും മികവില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെന്ന നിലയിലാണ്. 83 റണ്‍സോടെ രവീന്ദ്ര ജഡേജയും റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് ഷമിയും ക്രീസിലുണ്ട്.
111 പന്തില്‍ 146 റണ്‍സടിച്ച റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 89 പന്തിലാണ് പന്ത് തന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി തികച്ചത്. 19 ഫോറും നാല് സിക്സും അടങ്ങുന്നതാണ് പന്തിന്റെ ഇന്നിംഗ്സ്. ഇംഗ്ലണ്ടിനായി ജെയിംസ് ആന്ഡേഴ്സണ് മൂന്നും മാത്യു പോട്ട് രണ്ടും വിക്കറ്റെടുത്തു. ആറാം വിക്കറ്റില്‍ പന്ത്-ജഡേജ സഖ്യം 222 റണ്‍സെടുത്തു. ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ഉയര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണിത്.
Read Also:- ഭക്ഷണ ശേഷം ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീം: ജോസ് ബട്ലർ (ക്യാപ്റ്റൻ), മൊയിൻ അലി, ഹാരി ബ്രൂക്ക്, സാം കറാൻ, റിച്ചാർഡ് ഗ്ലീസൺ, ക്രിസ് ജോർദാൻ, ലിയാം ലിവിംഗ്സ്റ്റൺ, ഡേവിഡ് മലാൻ, ടൈമൽ മിൽസ്, മാത്യു പാർക്കിൻസൺ, ജേസൺ റോയ്, ഫിൽ സാൾട്ട്, റീസ് ടോപ്ലി, ഡേവിഡ് വില്ലി.
ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീം: ജോസ് ബട്ലർ (ക്യാപ്റ്റൻ), മൊയിൻ അലി, ജോനാഥൻ ബെയർസ്റ്റോ, ഹാരി ബ്രൂക്ക്, ബ്രൈഡൺ കാർസെ, സാം കുറാൻ, ലിയാം ലിവിംഗ്സ്റ്റൺ, ക്രെയ്ഗ് ഓവർട്ടൺ, മാത്യു പാർക്കിൻസൺ, ജോ റൂട്ട്, ജേസൺ റോയ്, ഫിൽ സാൾട്ട്, ബെൻ സ്റ്റോക്സ്, റീസ് ടോപ്ലി, ഡേവിഡ് വില്ലി.
Post Your Comments